ജിയോയുടെ പുതിയ താരിഫ്: ടെലികോം മേഖലയില്‍ പോരാട്ടം മുറുകും

മറ്റു കമ്പനികളേക്കാള്‍ കുറഞ്ഞ നിരക്കില്‍ 4ജി ഡേറ്റ നല്‍കുമെന്ന ജിയോയുടെ പ്രഖ്യാപനം വിപണിയില്‍ പുതിയ പോരിനാണ് വഴിവെക്കാനിരിക്കുന്നത്
ജിയോയുടെ പുതിയ താരിഫ്: ടെലികോം മേഖലയില്‍ പോരാട്ടം മുറുകും

കൊല്‍ക്കത്ത: ഏപ്രില്‍ ഒന്നു മുതല്‍ 303 രൂപയ്ക്ക് 30 ജിബി ഡേറ്റ നല്‍കാനുള്ള റിലയന്‍സ് ജിയോയുടെ പുതിയ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ മറ്റു വന്‍കിട ടെലികോം കമ്പനികളായ വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്ക് ഡേറ്റ ചാര്‍ജ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍. മറ്റു കമ്പനികളെ അപേക്ഷിച്ച് ജിയോ പ്രഖ്യാപിച്ചിരിക്കുന്ന ഓഫര്‍ തങ്ങളുടെ ഉയര്‍ന്ന ഡേറ്റ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് വഴിവെക്കുമെന്നതാണ് നിരക്കുകളില്‍ കുറവ് വരുത്താന്‍ കമ്പനികളെ പ്രേരിപ്പിക്കുക.


കഴിഞ്ഞ ദിവസമാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി മാര്‍ച്ച് 31ന് ശേഷമുള്ള താരിഫുകള്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ദിവസം പത്ത് രൂപയ്ക്ക് ഒരു ജിബി ഡേറ്റ എന്ന നിലയില്‍ മാസം 303 രൂപയാണ് ജിയോ ഈടാക്കുക. 

ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികളുടെ ടോപ്പ് എന്‍ഡ് ഉപഭോക്താക്കളെയാണ് ജിയോ പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തലുകള്‍.  രണ്ടാം സിം ആയി ജിയോ ഉപയോഗിക്കുന്നവരാണ് ഈ ഉപഭോക്താക്കളില്‍ കൂടുതലും. അതേസമയം, ഈ ഉപഭോക്താക്കളുടെ ബലത്തിലാണ് ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ക്ക് നേട്ടമുണ്ടാകുന്നത്. 

ഡെല്‍ഹി, മുംബൈ എന്നീ പ്രധാന നഗരങ്ങളില്‍ 4ജി കവറേജ് ഇല്ലാത്ത ഐഡിയയ്ക്കാകും ജിയോയുടെ പുതിയ ഓഫര്‍ ഏറ്റവും തിരിച്ചടിയാവുകയെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ദേശീയ തലത്തിലുള്ള 4ജി കവറേജും പ്രീമിയം ബ്രാന്‍ഡിംഗ് സ്ഥാനവും എയര്‍ടെല്ലിന് ജിയോ വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കില്ല. ഈ രണ്ട് കമ്പനികള്‍ക്കിടയിലാകും വോഡഫോണിന്റെ സ്ഥാനമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഓരോ അപ്പര്‍ എന്‍ഡ് ഉപഭോക്താക്കളില്‍ നിന്നും ഈ മൂന്ന് കമ്പനികള്‍ക്ക് പ്രതിമാസം 700 മുതല്‍ 1000 രൂപ വരെയാണ് വരുമാനം ലഭിക്കുന്നത്. എന്നാല്‍ ജിയോ പുതിയ ഓഫര്‍ വരുന്നതോടെ വലിയ ഡേറ്റ പാക്കുകള്‍ക്കുള്ള നിരക്കില്‍ ഈ കമ്പനികള്‍ക്ക് കുറവ് വരുത്തേണ്ടിവരും. ഇതോടൊപ്പം കമ്പനികളുടെ വരുമാനത്തില്‍ കുറവുണ്ടാകുമെന്നുമാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

303 രൂപയ്ക്ക് 30 ജിബി 4ജി ഡേറ്റ നല്‍കുന്ന ജിയോ മറ്റു കമ്പനികളുടെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളെ തീര്‍ച്ചയായും ആകര്‍ഷിക്കും. അതുകൊണ്ട് തന്നെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പ്രധാന്യം നല്‍കുന്നതാകും മറ്റു കമ്പനികള്‍ക്ക് ഗുണകരമാവുകയെന്നും അഭിപ്രായങ്ങളുണ്ട്. 
ജിയോയുടെ കടന്നു വരവിന് ശേഷം കമ്പനികളുടെ വരുമാനത്തില്‍ 15 മുതല്‍ 20 ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ടെന്നാണ് പ്രമുഖ റേറ്റിംഗ് ഏജന്‍സി ഫിച്ച് വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com