സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ ഇന്ത്യക്കാര്‍ക്കും മധുരിക്കും

ഡ്രൈവറില്‍ നിന്നുമാറി വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായും വാഹനത്തിന് തന്നെ
സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ ഇന്ത്യക്കാര്‍ക്കും മധുരിക്കും

ഇന്ത്യന്‍ റോഡുകളില്‍ ഡ്രൈവറില്ലാ കാറുകളെ കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. ഡ്രൈവറുള്ള കാറുകള്‍ക്ക് തന്നെ രക്ഷയില്ല പിന്നയല്ലേ ഡ്രൈവറില്ലാത്തത് എന്ന് പറയാന്‍ വരട്ടെ. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന് പറയുന്ന പോലെയാണ് കാര്യം. എന്തായാലും സാങ്കേതികതയില്‍ നിന്ന് അങ്ങനെ ഒളിച്ചോടാനൊന്നും പറ്റാത്ത സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സാധാരണയാകുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നും വേണ്ട. പക്ഷേ, അത് എന്ന് എന്നതിനെ കുറിച്ച് പിന്നീട് ആലോചിക്കാം.

പറഞ്ഞു വരുന്നത് ഇന്ത്യന്‍ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകളുടെ സാധ്യതയാണ്. പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക്് പരീക്ഷണം നടത്താനുള്ള അനുമതിനല്‍കുന്നതുമായി ബന്ധപ്പെട്ട ഭേദഗതിയുണ്ടെന്നാണ് ഗതാഗത മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഗൂഗിള്‍, ടെസ്ല, യൂബര്‍ തുടങ്ങിയ പ്രമുഖരാണ് സ്വയം നിയന്ത്രിത കാര്‍ വ്യവസായത്തില്‍ വലിയ നിക്ഷേപം നടത്തിയിരിക്കുന്നത് എന്നുകൂടെ ഓര്‍ക്കണം.

ആഗോള തലത്തിലുള്ള കമ്പനികള്‍ മാത്രം ഇടപെട്ടിരുന്ന ഈ മേഖലയില്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തോടെ രാജ്യത്തുള്ള വാഹന നിര്‍മാതാക്കള്‍ക്കും ടെക്‌നോളജി കമ്പനികള്‍ക്കും വലിയ പ്രതീക്ഷ നല്‍കും. ടാറ്റ ഗ്രൂപ്പിന്റെ ഡിസൈനിംഗ് ആന്‍ഡ് ടെക്‌നോളജി കമ്പനി ടാറ്റ എക്‌സി സ്വയം നിയന്ത്രിത കാറുണ്ടാക്കാന്‍ ഇതിനോടകം തന്നെ പദ്ധതിയിട്ടുകഴിഞ്ഞു. 

പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയിലുള്ള മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന് അനുമതി ലഭിച്ചാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ സ്വയം നിയന്ത്രിത വാണിജ്യ, യാത്രാ വാഹനങ്ങളുടെ പരീക്ഷണത്തിന് വേദിയാകും. ഇത്തരം വാഹനങ്ങള്‍ നിര്‍മിച്ച് നിരത്തുകളില്‍ പരിശോധന നടത്തുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നിന്നും അനുമതി വേണം. 
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ സ്വയം നിയന്ത്രിത കാറുകളില്ലെങ്കിലും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതിന് അവസരം ഒരുങ്ങുന്നതോടെ കൂടുതല്‍ കമ്പനികള്‍ ഈ മേഖലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com