സ്‌നാപ്ഡീലില്‍ നിന്നും നൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു

വേതനചെലവ് കൂടിയതോടെ സ്‌നാപ് ഡീലില്‍ നിന്നും നൂറോളം ജീവനക്കാരെ പിരിച്ചു വിടുന്നു. 
സ്‌നാപ്ഡീലില്‍ നിന്നും നൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്‌നാപ് ഡീല്‍ വേതനച്ചെലവ് ഉയര്‍ന്നതിന്റെ പേരില്‍ നൂറോളം ജീവനക്കാരെ പിരിച്ചു വിടുന്നു. 2014- 15ല്‍ 367 കോടിയായിരുന്ന കമ്പനിയുടെ വേതനച്ചെലവ് 2015-16 ആയപ്പോളേക്കും 911 കോടിയായാണ് വര്‍ധിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇത് പിന്നെയും കൂടിയെന്നാണ് പ്രാഥമിക നിഗമനം.
ഏകദേശം അയ്യായിരത്തിനടുത്ത് ജീവനക്കാരുള്ള സ്ഥാപനം ഇപ്പോള്‍ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ എണ്ണം പടി പടിയായി ആയിരത്തിലെത്തിക്കാനാണ് ഇപ്പോള്‍ ശ്രമിയ്ക്കുന്നത്. ഇതോടെ ശമ്പളയിനത്തിലുള്ള ചെലവ് 250 കോടി രൂപയെങ്കിലുമായി കുറയ്ക്കാനാവുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.
സ്‌നാപ് ഡീല്‍ സ്ഥാപകരായ കുനാല്‍ ബാലും രോഹിത് ബന്‍സാലും ഏകദേശം 40 കോടി രൂപ വീതമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിഫലമായി കൈപ്പറ്റിയത്. സ്റ്റോക് ഓപ്ഷന്‍ പദ്ധതിയിലൂടെ ലഭിച്ച ഓഹരികളുടെ മൂല്യവും ഇതിലുള്‍പ്പെടും. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഇവര്‍ രണ്ടുപേരും ശമ്പളം തന്നെ വേണ്ടെന്നു വെച്ചിരിക്കുകയാണ്.
ഷോപ്പിങ് ഡീലുകളുമായി 2010ലാണ് കമ്പനി തുടങ്ങിയത്. പിന്നീട് ഇന്ത്യയിലെ വലിയ ഓണ്‍ലൈന്‍ വിപണിയിലെ മുന്‍നിരയിലേക്ക് കമ്പനി വളര്‍ന്നു. ഈ മേഖലയിലേക്ക് വേറെയും സംരഭങ്ങള്‍ വന്നതോടെ മത്സരം കടുത്തു, കമ്പനിയുടെ ചെലവും കൂടി. ഇപ്പോള്‍ കമ്പനി വന്‍ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനിക്ക് 3.293 കോടി രൂപയാണ് നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com