ഇന്നുമുതല്‍ എണ്ണകമ്പനികള്‍ക്ക്‌ അവരുടെ ഇഷ്ടത്തിന് ദിവസേന ഇന്ധനവില മാറ്റാം

ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന മാറ്റം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്
ഇന്നുമുതല്‍ എണ്ണകമ്പനികള്‍ക്ക്‌ അവരുടെ ഇഷ്ടത്തിന് ദിവസേന ഇന്ധനവില മാറ്റാം

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില പുതുക്കി നിശ്ചയിക്കുന്ന സംവിധാനം ഇന്നുമുതല്‍ നിലവില്‍ വരും. ദിവസവും രാവിലെ ആറു മണിക്കായിരിക്കും വില തീരുമാനിക്കുക. 

ഇനി പൊതുമേഖല എണ്ണ കമ്പനികളുടെ ഇഷ്ടത്തിന് അനുസരിച്ച് എണ്ണ വില ദിവസേന കൂട്ടുകയും, കുറയ്ക്കുകയും ചെയ്യാം. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന മാറ്റം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ പതിനഞ്ച് ദിവസം കൂടുമ്പോഴായിരുന്നു ഇന്ധനവിലയില്‍ മാറ്റം വരുത്താന്‍ എണ്ണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.

എന്നാല്‍ ദിവസേന വിലമാറുന്നു എന്നത് ആശങ്കയോടെയാണ് ഉപഭോക്താക്കളും, പമ്പുടമകളും നോക്കിക്കാണുന്നത്. ദിവസനേ വിലമാറുന്നത് പമ്പുടമകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

എണ്ണ കമ്പനികള്‍ അവരുടെ ഓഫീസില്‍ ഇരുന്ന് വില മാറ്റുന്ന ഓട്ടോമേഷന്‍ സംവിധാനം കേരളത്തിലെ 25 ശതമാനം പമ്പുകളില്‍  മാത്രമാണുള്ളത്. ഇതിനാല്‍ രാവിലെ ആറ് മണിക്ക് പ്രത്യേക പാസ് വേര്‍ഡ് ഉപയോഗിച്ച് ഓട്ടോമേഷന്‍ സംവിധാനം ഇല്ലാത്ത പെട്രോള്‍ പമ്പുകളില്‍ വില മാറ്റണം. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മൊബൈല്‍ ആപ്ലിക്കേഷനായ Fucl@IOC വഴിയും, എസ്എംഎസ് വഴിയും ഓരോ ദിവസത്തേയും പുതുക്കിയ ഇന്ധനവില അറിയാനാകും. വിവിധ കമ്പനികളുടെ പെട്രോള്‍ ഡീസല്‍ വിലയില്‍ 15 പൈസയുടെ വരെ വ്യത്യാസം ഉണ്ടാകാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com