ഭാരത് സ്റ്റേജ് മൂന്നിലുള്ള വാഹനങ്ങളുടെ വില്‍പ്പനയും രജിസ്‌ട്രേഷനും സുപ്രീം കോടതി റദ്ധാക്കി; ഉത്തരവ് ശനിയാഴ്ച മുതല്‍

ഭാരത് സ്റ്റേജ് മൂന്നിലുള്ള വാഹനങ്ങളുടെ വില്‍പ്പനയും രജിസ്‌ട്രേഷനും സുപ്രീം കോടതി റദ്ധാക്കി; ഉത്തരവ് ശനിയാഴ്ച മുതല്‍

ന്യൂഡല്‍ഹി: വാഹനങ്ങളുടെ മലിനീകരണ മാനദണ്ഡമായ ഭാരത് സ്റ്റേജ് (ബിഎസ്) നാല് പാലിക്കാത്ത വാഹനങ്ങള്‍ ശനിയാഴ്ചമുതല്‍ വില്‍പ്പന നടത്താനും രജിസ്റ്റര്‍ ചെയ്യാനും പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. വാണിജ്യ താല്‍പ്പര്യങ്ങളേക്കാള്‍ മുഖ്യം ആരോഗ്യത്തിനാണെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി വാഹന കമ്പനികള്‍ക്ക് തിരിച്ചടിയാകുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

ബിഎസ് മൂന്നിലുള്ള വാഹനങ്ങള്‍ വില്‍പ്പന നടത്താന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മാതാക്കളും കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കാറുകളും ട്രക്കുകളും ഇരുചക്രവാഹനങ്ങളുമുള്‍പ്പടെ ബിഎസ് മൂന്ന് നിലവാരത്തിലുള്ള എട്ട് ലക്ഷത്തോളം വാഹനങ്ങളാണ് വിവിധ കമ്പനികളുടെ കൈവശം വില്‍പ്പന നടക്കാത്തതായിട്ടുള്ളത്. അതേസമയം, ബിഎസ് മൂന്നിലുള്ള വാഹനങ്ങളുടെ നിര്‍മാണം നിര്‍ത്തുന്നതിനുള്ള സമയപരിധിയായി സര്‍ക്കാര്‍ നല്‍കിയിരുന്നത് 2017 ഏപ്രില്‍ ഒന്ന് ആയിരുന്നെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.
 

പരിസ്ഥിതി മലിനീകരണ നിയന്ത്രണ സമിതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 2010 മുതല്‍ ഘട്ടങ്ങളായി പ്രാബല്യത്തില്‍ വരുത്തുന്ന ബിഎസ് നാല് മാനദണ്ഡം ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ബന്ധമാകുമെന്നായിരുന്നു വാഹന ലോകത്തിന്റെയും പ്രതീക്ഷ. എന്നാല്‍, പഴയ വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുമെന്ന് കമ്പനികള്‍ കരുതിയിരുന്നില്ല. പുതിയ മലിനീകരണ മാനദണ്ഡം പാലിക്കുന്ന വാഹനങ്ങളോടൊപ്പം പഴയതും വിപണിയിലെത്തിയാല്‍ മലിനീകരണ നിയന്ത്രിക്കുക എന്ന ശ്രമം പരാജയപ്പെടുമെന്ന് കാണിച്ചാണ് മലിനീകരണ നിയന്ത്രണ സമിതി ഹര്‍ജി സമര്‍പ്പിച്ചത്.
 

ബി എസ് മൂന്ന് നിലവാരമുള്ള വാഹനങ്ങളുടെ വില്‍പ്പനയ്ക്കു വിലക്ക് വന്നതോടെ രാജ്യത്തെ ഷോറൂമുകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവുമെന്ന് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റി (സിയാം) ആശങ്ക പ്രകടിപ്പിച്ചു. വിലക്ക് നടപ്പാവുമ്പോള്‍ പഴയ നിലവാരത്തിലുള്ള ഏഴര ലക്ഷത്തോളം ഇരുചക്രവാഹനങ്ങളും 45,000 ത്രിചക്രവാഹനങ്ങളും 20,000 കാറുകളും മുക്കാല്‍ ലക്ഷം വാണിജ്യ വാഹനങ്ങളും ഡീലര്‍ഷിപ്പുകളില്‍ സ്‌റ്റോക്കുണ്ടാവുമെന്നാണു സിയാമിന്റെ കണക്ക്.

എന്നാല്‍, 2015 ഡിസംബര്‍ 31 മുതല്‍ ഇതുവരെ രാജ്യത്ത് നിര്‍മ്മിച്ച ബിഎസ്3 അനുസൃത വാഹനങ്ങളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ സിയാമിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. വാഹനങ്ങളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 നുശേഷം ഇത്തരം വാഹനങ്ങളുടെ വില്‍പ്പനയ്ക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനായിരുന്നു എണ്ണം ആവശ്യപ്പെട്ടത്.
 

ബജാജ് ഓട്ടോ ഒഴികെ ബാക്കിയുള്ള കമ്പനികളെല്ലാം സുപ്രീം കോടിതി ഉത്തരവിന് പ്രതികൂല നിലപാടാണ് സ്വീകരിക്കുന്നത്. 2017 ഏപ്രില്‍ 1 മുതല്‍ ബിഎസ്3 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിക്കാത്ത വാഹനങ്ങളുടെ വില്‍പ്പന അനുവദിക്കരുതെന്ന്് ബജാജ് ഓട്ടോ ഹര്‍ജി നല്‍കിയിരുന്നു.

ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിര്‍ണായ ഉത്തരവിട്ടത്. ഭാരത് സ്റ്റേജ് നാലിനെ കുറിച്ച് കമ്പനികള്‍ക്ക് അറിയാമെങ്കിലും മനപൂര്‍വം അപ്‌ഗ്രേഡ് ചെയ്യാതിരുന്നതാണെന്നും കോടതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com