ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ തുടരാം, ട്രായിയുടെ വിലക്ക് റദ്ദാക്കി ടെലികോം ട്രിബ്യൂണല്‍ 

വിപണി പിടിക്കാന്‍ ടെലികോം കമ്പനികള്‍ അനിയന്ത്രിതമായി ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിക്കുന്നത് വിലക്കിയ ട്രായി ഉത്തരവ് ടെലികോം ട്രിബ്യൂണല്‍ റദ്ദാക്കി
ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ തുടരാം, ട്രായിയുടെ വിലക്ക് റദ്ദാക്കി ടെലികോം ട്രിബ്യൂണല്‍ 

ന്യൂഡല്‍ഹി: വിപണി പിടിക്കാന്‍ ടെലികോം കമ്പനികള്‍ അനിയന്ത്രിതമായി ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിക്കുന്നത് വിലക്കിയ ട്രായി ഉത്തരവ് ടെലികോം ട്രിബ്യൂണല്‍ റദ്ദാക്കി.  ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രഖ്യാപിക്കുന്ന താരിഫ് പ്ലാനുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനികള്‍ അധികൃതരെ അറിയിക്കേണ്ടതില്ലെന്ന്  ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി. ജിയോയെ നേരിടാന്‍ എയര്‍ടെല്‍, വൊഡഫോണ്‍ പോലുളള കമ്പനികള്‍ പ്രഖ്യാപിച്ച ഇളവുകള്‍ തുടരാന്‍ സാഹചര്യം ഒരുക്കുന്നതാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ക്ക് പുറമേ പ്രഖ്യാപിക്കുന്ന പ്രത്യേക ഓഫറുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നാല്‍ ട്രായിക്ക് ഇടപെടാമെന്നും ട്രിബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു.

ട്രായിയുടെ കുറഞ്ഞ വിലയ്ക്ക് സേവനം നല്‍കുന്ന പ്രെഡേറ്ററി പ്രൈസിങുമായി ബന്ധപ്പെട്ട ട്രായിയുടെ വ്യവസ്ഥ ട്രിബ്യൂണല്‍ റദ്ദാക്കി.  വിപണിയില്‍ എതിരാളികളില്‍ നിന്നുളള മത്സരം ഒഴിവാക്കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് പ്രെഡേറ്ററി പ്രൈസിങ്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങളും സേവനങ്ങളും വിപണിയില്‍ എത്തിക്കുന്ന വിലനിര്‍ണയ രീതിയാണിത്. ക്രിസ്മസ് വിപണി ആകര്‍ഷമാക്കാന്‍ ലക്ഷ്യമിട്ട് ഡിസ്‌ക്കൗണ്ടില്‍ അധിഷ്ഠിതമായ താരിഫുകളും, പ്രെഡേറ്ററി പ്രൈസിങും അനുവദിച്ചുകൊണ്ടുളള ട്രായിയുടെ ചട്ടമാണ് ട്രിബ്യൂണല്‍ റദ്ദാക്കിയത്.

വിപണിയില്‍ മത്സരം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്ക് ഈ ചട്ടം എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രിബ്യൂണലിന്റെ ഇടപെടല്‍. വില കുറച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്ന റിലയന്‍സ് ജിയോയെ സഹായിക്കുന്ന നിലപാടാണ് ട്രായ് സ്വീകരിക്കുന്നത്. ട്രായി അവരുടെ നിയന്ത്രണാധികാരം ഉപേക്ഷിച്ച മട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രിബ്യൂണലിന്റെ വിധിയില്‍ പറയുന്നു. പ്രെഡേറ്ററി പ്രൈസിങ് വഴി ചുരുങ്ങിയകാലം കൊണ്ട് 30 ശതമാനം വിപണിവിഹിതം നേടാന്‍ ജിയോയ്ക്ക് സാധിച്ച കാര്യവും ട്രിബ്യൂണല്‍ ശ്രദ്ധയില്‍പ്പെടുത്തി. അതിനാല്‍ ആറുമാസത്തിനകം വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ ട്രിബ്യൂണല്‍ ട്രായിയോട് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com