മിനിമം ബാലന്‍സില്ലെന്ന പേരില്‍ ബാങ്കുകള്‍ പിടിച്ചെടുത്തത് 6246 കോടി ; എടിഎം ഇടപാടുകള്‍ പരിധി കവിഞ്ഞതിന് ഈടാക്കിയത് 4145 കോടി; കൊള്ളയ്ക്ക് ഒരു കുറവും ഇല്ല

അക്കൗണ്ടില്‍ മിനിമം ബാലന്‍സ്  ഇല്ലാതിരിക്കുക, സൗജന്യമായി അനുവദിച്ചതില്‍  കൂടുതല്‍ ഇടപാടുകള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് നടത്തുക തുടങ്ങിയവയുടെ പേരിലാണ് പിഴ
മിനിമം ബാലന്‍സില്ലെന്ന പേരില്‍ ബാങ്കുകള്‍ പിടിച്ചെടുത്തത് 6246 കോടി ; എടിഎം ഇടപാടുകള്‍ പരിധി കവിഞ്ഞതിന് ഈടാക്കിയത് 4145 കോടി; കൊള്ളയ്ക്ക് ഒരു കുറവും ഇല്ല

ന്യൂഡല്‍ഹി: വിവിധയിനം പിഴകളുടെ രൂപത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളില്‍നിന്ന് മൂന്നരവര്‍ഷത്തിനിടെ  തട്ടിയെടുത്തത് പതിനായിരിത്തിലേറെ കോടിയിലേറെ രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ്  ഇല്ലാതിരിക്കുക, സൗജന്യമായി അനുവദിച്ചതില്‍  കൂടുതല്‍ ഇടപാടുകള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് നടത്തുക തുടങ്ങിയവയുടെ പേരിലാണ് പിഴ. പാര്‍ലമെന്റില്‍ ധനമന്ത്രാലയം സമര്‍പ്പിച്ച മറുപടിയിലാണ് ബാങ്കുകളുടെ കൊള്ള വ്യക്തമായത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന പേരില്‍ ഇക്കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ 6,246 കോടി പിഴ ഈടാക്കി. 

എസ്ബിഐ-2,894 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക്-493, കനറ ബാങ്ക്-352, സെന്‍ട്രല്‍ ബാങ്ക്-348, ബാങ്ക് ഓഫ് ബറോഡ-328 കോടിരൂപ എന്നിങ്ങനെയാണ്  ഈടാക്കിയ പിഴയുടെ കണക്ക്.

എടിഎം ഇടപാടുകള്‍ പരിധി കവിഞ്ഞെന്ന പേരില്‍ ഈടാക്കിയത് 4,145 കോടി രൂപ. എസ്ബിഐ-1,154 കോടി, ബാങ്ക് ഓഫ് ഇന്ത്യ-464, പഞ്ചാബ് നാഷണല്‍ ബാങ്ക്–-323, യൂണിയന്‍ ബാങ്ക്-241, ബാങ്ക് ഓഫ് ബറോഡ-183  കോടിരൂപ. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് ബാങ്കുകളുടെ കൊള്ളയ്ക്ക് ഇരകളാകുന്നവരില്‍  ഭൂരിപക്ഷവും. പാചകവാതക സബ്‌സിഡിയിനത്തില്‍ ലഭിക്കുന്ന തുകയില്‍നിന്നടക്കം  പിഴ ഈടാക്കുകയാണ്. അക്കൗണ്ടില്‍ നിശ്ചിതതുക ബാക്കിയില്ലെന്ന പേരില്‍ പിഴ ഈടാക്കുന്ന നടപടി എസ്ബിഐ 2012ല്‍ നിര്‍ത്തിവച്ചിരുന്നു. ഇതര ബാങ്കുകള്‍ മിനിമം തുകയില്ലെന്ന പേരിലുള്ള പിഴ  ഈടാക്കല്‍ തുടരുകയും ചെയ്തു. 2016 ഏപ്രില്‍ ഒന്നുമുതല്‍ എസ്ബിഐയും ഈ പിഴ പുനരാരംഭിച്ചു.

സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയ പിഴയുടെ കണക്ക് മറുപടിയില്‍ വ്യക്തമാക്കിയില്ല. പുതുതലമുറ ബാങ്കുകളും പേമെന്റ് ബാങ്കുകളും സേവനങ്ങള്‍ക്കുപോലും ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. പണം കൈമാറുന്നതിന് പേടിഎം തുടക്കത്തില്‍ ഫീസ് ഈടാക്കിയിരുന്നില്ല. ഇപ്പോള്‍ കനത്ത സേവനനിരക്ക് ചുമത്തുന്നു. വിവിധ സേവനങ്ങള്‍ നല്‍കുന്നതിനുള്ള നിരക്ക് നിശ്ചയിക്കാന്‍ അതത് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് റിസര്‍വ് ബാങ്ക് അധികാരം നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com