കുട്ടികളുടെ വിവരം ചോര്‍ത്തി പരസ്യം: പുതിയ കേന്ദ്ര നയം ഗൂഗിളിനും ഫെയ്‌സ് ബുക്കിനും തിരിച്ചടിയാവും, ബൈജൂസിനും പിടി വീഴും

കുട്ടികളുടെ സ്വഭാവം നിരീക്ഷിച്ച് അതനുസരിച്ചുള്ള പരസ്യങ്ങള്‍ നല്‍കുന്നതിനെ നിരോധിക്കണമെന്ന് കരട് ആവശ്യപ്പെടുന്നുണ്ട്
കുട്ടികളുടെ വിവരം ചോര്‍ത്തി പരസ്യം: പുതിയ കേന്ദ്ര നയം ഗൂഗിളിനും ഫെയ്‌സ് ബുക്കിനും തിരിച്ചടിയാവും, ബൈജൂസിനും പിടി വീഴും

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. പതിനെട്ട് വയസ്സില്‍ താഴെയുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും അതനുസരിച്ച് പരസ്യങ്ങള്‍ നല്‍കുന്നതും തടയണമെന്ന ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണിത്. പുതിയ നിര്‍ദ്ദേശം നടപ്പിലായാല്‍ സോഷ്യല്‍ മീഡിയാ ഭീമന്‍മാര്‍ക്ക് പുറമേ 'ബൈജൂസ് ലേണിങ് ആപ്പു'ള്‍പ്പടെയുള്ള വിദ്യാഭ്യാസ സഹായികളായ സൈറ്റുകള്‍ക്കും ഗെയമിങ് സൈറ്റുകള്‍ക്കും പിടിവീഴും. കുട്ടികള്‍ക്ക് പഠന വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് ബൈജൂസ് ലേണിങ് ആപ്പുപോലുള്ളവ നല്‍കുന്നത്. 

വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റുകള്‍ കുട്ടികളുടെ വിവരങ്ങള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുവെന്നും ഇത് നിയന്ത്രിക്കണമെന്നുമാണ് വിവര സ്വകാര്യതാ നിയമത്തിന്റെ കരടില്‍ പറയുന്നത്. കുട്ടികളുടെ സ്വഭാവം നിരീക്ഷിച്ച് അതനുസരിച്ചുള്ള പരസ്യങ്ങള്‍ നല്‍കുന്നതിനെ നിരോധിക്കണമെന്ന് കരട് ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 40 ശതമാനവും 18 വയസ്സില്‍ താഴെയുള്ളവരാണ്. ഇതില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സംഖ്യ കണക്കിലെടുക്കേണ്ടതുണ്ടെന്നും കമ്മിഷന്‍ പറയുന്നു.
 
വെബ്‌സൈറ്റ് ഉപയോഗിക്കുന്നത് എത്ര വയസ്സുള്ളവരാണ് എന്ന് തിരിച്ചറിയുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കളുടെ അനുവാദം നിര്‍ന്ധമാക്കണമെന്നുമാണ് കമ്മിഷന്‍ നല്‍കിയ മറ്റൊരു സുപ്രധാന നിര്‍ദ്ദേശം.

കുട്ടികള്‍ നെറ്റ് ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളെ കുറിച്ചും പൂര്‍ണമായും ബോധ്യമുള്ളവരല്ല എന്നത് കൊണ്ടാണ് കുട്ടികളെ നിരീക്ഷിക്കുന്നതിനും അത്തരത്തിലുള്ള പരസ്യം നല്‍കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.      
സാങ്കേതിക ലോകത്ത് വിവരശേഖരണവും അതിന്റെ സംസ്‌കരണവും സുതാര്യമല്ലാതെയിരിക്കുന്നതിനാല്‍ കുട്ടികളുടെ വിവരശേഖരണം നിലവിലെ സ്ഥിതി വഷളാക്കുകയേള്ളൂ. പ്രായപൂര്‍ത്തിയാകാത്ത വ്യക്തികളെ  വെബ്‌സൈറ്റ് ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ഇന്ത്യന്‍ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമാക്കണം എന്നാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നത്. 1872 ലെ ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ടില്‍ ഇത് വ്യവസ്ഥ ചെയ്യുന്നുമുണ്ട്. അടിയന്തര പ്രാധാന്യം നല്‍കി ഇത് നടപ്പിലാക്കണമെന്നാണ് കമ്മീന്റെ ആവശ്യം. നിലവില്‍ 13 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നത് പല വെബ്‌സൈറ്റുകളും വിലക്കിയിട്ടില്ല. 

മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ കാര്യത്തില്‍ കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്. എത്രത്തോളം സുരക്ഷ നല്‍കുന്നുവോ അത്രയും നല്ലതാണ് എന്നാണ് സമിതി അഭിപ്രായപ്പെടുന്നത്. ഇന്ന് ജനകീയമായതെല്ലാം ആദ്യം പരിചയപ്പെട്ടത് കൗമാരക്കാര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കുട്ടികളുടെ പ്രായം കുറഞ്ഞിരിക്കുന്നതിനെയാകും   കമ്പനികള്‍  പ്രോത്സാഹിപ്പിക്കുക എന്നും അവര്‍ വ്യക്തമാക്കി. കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ഇത്തരം ടെക് കമ്പനികളുടെ വരുമാനത്തിലും കുറവ് വരുമെന്നാണ് കണക്കുകള്‍.പരസ്യമാണ് ഇത്തരം കമ്പനികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. അതില്‍ വലിയ കുറവാകും ഉണ്ടാകാന്‍ പോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com