നിപ്പ ഭീതിയില്‍ പ്രഹരമേറ്റ് പഴവര്‍ഗ്ഗ വിപണി; 10 ദിവസത്തിനിടെ നഷ്ടം 10,000 കോടി

നിപ്പ ഭീതിയില്‍ പ്രഹരമേറ്റ് പഴവര്‍ഗ്ഗ വിപണി; 10 ദിവസത്തിനിടെ നഷ്ടം 10,000 കോടി

പ്രതിദിനം കേരളത്തിലെ പഴവര്‍ഗ വിപണിയില്‍ രണ്ടായിരം കോടിയുടെ ബിസിനസാണ് നടന്നിരുന്നത് എങ്കില്‍ ഈ ദിനങ്ങളില്‍ അത് ആയിരം കോടി രൂപയ്ക്ക് താഴേക്കെത്തി

കോഴിക്കോട്: നിപ്പ ഭീതിയില്‍ വലഞ്ഞവയില്‍ സംസ്ഥാനത്തെ പഴവര്‍ഗ വിപണിയും. നിപ്പ ഭീതിയില്‍ സംസ്ഥാനം നിന്ന പത്ത് ദിവസം കൊണ്ട് 10,000 കോടി രൂപയുടെ നഷ്ടം പഴവര്‍ഗ വിപണിയില്‍ ഉണ്ടായതായാണ് വ്യാപാരികള്‍ പറയുന്നത്. ഇതില്‍ 75 ശതമാനവും കച്ചവടം ഇടിഞ്ഞിരിക്കുന്നത് കോഴിക്കോടാണ്. 

പ്രതിദിനം കേരളത്തിലെ പഴവര്‍ഗ വിപണിയില്‍ രണ്ടായിരം കോടിയുടെ ബിസിനസാണ് നടന്നിരുന്നത് എങ്കില്‍ ഈ ദിനങ്ങളില്‍ അത് ആയിരം കോടി രൂപയ്ക്ക് താഴേക്കെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 25 ശതമാനം കച്ചവടം പോലും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടന്നില്ല. 

ഇതോടെ ഒരു ദിവസം കേരളത്തിലേക്കെത്തിക്കുന്നത് 200 ലോഡ് പഴവര്‍ഗങ്ങള്‍ ആയിരുന്നു എങ്കില്‍ അത് ഇപ്പോള്‍ 100 ലോഡാക്കി കുറയ്‌ക്കേണ്ടി വന്നു. റംസാന്‍ വിപണിയില്‍ 4000 കോടിയുടെ കച്ചവടം പ്രതീക്ഷിച്ചിടത്താണ് നിപ്പ ഭീതിയുടെ ഭീഷണിയെ തുടര്‍ന്ന് അത് ആയിരം കോടിക്ക് താഴേക്ക് പോയിരിക്കുന്നത്. 

നിപ്പ ഭീതി പ്രധാനമായും ബാധിച്ചത് ചില്ലറവ്യാപാരികളെയാണ്. നിപ്പാ ഭീതി ശക്തമായതോടെ ഇവര്‍ക്ക് തൊഴിലില്ലാത്ത സാഹചര്യമുണ്ടായി. കേരളത്തിലേക്ക് പഴമെത്തിക്കുന്ന കര്‍ഷകര്‍ക്കും വലിയ നഷ്ടമുണ്ടായതായി ഓള്‍ കേരള ഫ്രൂട്ട്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. സാമൂഹ്യ വിപണിയില്‍ ഉള്‍പ്പെടെയുണ്ടായ വ്യാച പ്രചാരണങ്ങളാണ് പഴ വിപണിയേയും കാര്യമായി ബാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com