ലോകം ആശങ്കയിൽ; കടുത്ത നിലപാടുകളുമായി അമേരിക്കയും ചൈനയും വ്യാപാരയുദ്ധക്കളത്തിൽ

ചൈനീസ് ഉത്പന്നങ്ങൾക്ക് തീരുവയേർപ്പെടുത്താൻ യു.എസ് പ്രസി‍ന്റ് തീരുമാനിച്ചതും പിന്നാലെ യു.എസിന് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് ചൈനയും വ്യക്തമാക്കി രം​ഗത്തെത്തിയതോടെയാണ് വിഷയം സങ്കീർണമായത്
ലോകം ആശങ്കയിൽ; കടുത്ത നിലപാടുകളുമായി അമേരിക്കയും ചൈനയും വ്യാപാരയുദ്ധക്കളത്തിൽ

വാഷിങ്ടൺ: ലോകത്തെ ആശങ്കപ്പെടുത്തി യു.എസ് -ചൈന വ്യാപാരയുദ്ധം പുതിയ തലത്തിലേക്കും മാനങ്ങളിലേക്കും. ചൈനീസ് ഉത്പന്നങ്ങൾക്ക് തീരുവയേർപ്പെടുത്താൻ യു.എസ് പ്രസി‍ന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതും പിന്നാലെ യു.എസിന് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് ചൈനയും വ്യക്തമാക്കി രം​ഗത്തെത്തിയതോടെയാണ് വിഷയം സങ്കീർണമായത്.

ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന തരത്തിൽ  20,000 കോടി ഡോളറിന്റെ (14 ലക്ഷം കോടി രൂപ) ചൈനീസ് ഉത്പന്നങ്ങൾക്കാണ് തീരുവയേർപ്പെടുത്തുത്. അരി, തുണിത്തരങ്ങൾ, ഹാൻഡ്ബാഗ് എന്നിവയുൾപ്പെടെ ആറായിരത്തോളം ഉത്പന്നങ്ങൾക്കാണ് തീരുവയേർപ്പെടുത്തിയത്. ചൈനയിൽ നിന്ന് യു.എസ്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ പകുതിയോളം വരുമിത്. ആദ്യഘട്ടത്തിൽ പത്ത് ശതമാനമാണ് തീരുവ. തിങ്കളാഴ്ച മുതൽ തീരുവ നിലവിൽവരും. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയില്ലെങ്കിൽ 2019 ജനുവരി ഒന്ന് മുതൽ തീരുവ 25 ശതമാനമാക്കി വർധിപ്പിക്കും. മൂന്നാം ഘട്ടത്തിൽ 26,700 കോടി ഡോളറിന്റെ (ഏകദേശം 19.43 ലക്ഷം കോടി രൂപ) ഉത്പന്നങ്ങൾക്കായിരിക്കും തീരുവ. മൂന്നാം ഘട്ട തീരുവയേർപ്പെടുത്തിയാൽ ഏതാണ്ട് മുഴുവൻ ചൈനീസ് ഇറക്കുമതിയും യു.എസ്. തീരുവയുടെ പരിധിയിൽ വരും.

വ്യാപാരം, സാങ്കേതികവിദ്യാ കൈമാറ്റം, ഹൈ-ടൈക് ഇൻഡസ്ട്രിയൽ സബ്സിഡി എന്നിവയുമായി ബന്ധപ്പെട്ട ചൈനയുടെ നയങ്ങളിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നേരത്തേ 5,000 കോടി ഡോളറിന്റെ (ഏകദേശം 3.46 ലക്ഷം കോടി രൂപ) ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ്. തീരുവ ചുമത്തിയിരുന്നു. 

ചൈനയുടെ അധാർമിക വ്യാപാര രീതികൾക്കെതിരേയുള്ള പ്രതികരണമായാണ് തീരുവയേർപ്പെടുത്തുന്നതെന്ന് ട്രംപ് പറഞ്ഞു. യു.എസ്.-ചൈന വ്യാപാരത്തിൽ എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് വേണ്ടതെന്ന് തങ്ങൾ വ്യക്തമായി പറഞ്ഞിരുന്നു. യു.എസിനെ കൂടുതൽ ന്യായമായി പരിഗണിക്കേണ്ട എല്ലാ അവസരങ്ങളും ചൈനയ്ക്ക് നൽകുകയും ചെയ്തു. എന്നാൽ, ഈ രീതികളൊന്നും സ്വീകരിക്കാൻ ചൈന ഇതുവരെ തയ്യാറായില്ല. നടപടിക്ക്‌ തിരിച്ചടിയായി തങ്ങളുടെ കർഷകരെയോ വ്യവസായങ്ങളെയോ ലക്ഷ്യമിട്ട് തിരിച്ചടിക്കാനാണ് ചൈനയുടെ തീരുമാനമെങ്കിൽ മൂന്നാംഘട്ട തീരുവയിലേക്ക് യു.എസ്. കടക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. 

യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 6,000 കോടി ഡോളറിന്റെ (ഏകദേശം 4.36 ലക്ഷം കോടി രൂപ) ഉത്പന്നങ്ങൾക്ക് ചൈന തീരുവയേർപ്പെടുത്തുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു. ചൈനയിലേക്കുള്ള യു.എസ്. കയറ്റുമതിയുടെ 80 ശതമാനത്തോളം വരുമിത്. യു.എസിൽ നിന്ന് ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. വ്യാപാരയുദ്ധം പരിഹരിക്കാൻ ഉന്നതസംഘത്തെ വാഷിങ്ടണിലേക്ക്‌ അയക്കാൻ ചൈന തീരുമാനിച്ചിരുന്നെങ്കിലും കൂടുതൽ ഉത്പന്നങ്ങൾക്ക് തീരുവയേർപ്പെടുത്തിക്കൊണ്ടുള്ള യു.എസ്. നീക്കത്തിന്റെ പശ്ചാത്തലത്തിൽ ചർച്ച വേണ്ടെന്ന് തീരുമാനിച്ചതായും ചൈനീസ് വൃത്തങ്ങൾ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com