പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പന്ത്രണ്ടായിരം രൂപ ലെവി; നിരത്തുകളെ ഇലക്ട്രിക് വാഹന സൗഹൃദമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് 12000 രൂപ ലെവി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു
 പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പന്ത്രണ്ടായിരം രൂപ ലെവി; നിരത്തുകളെ ഇലക്ട്രിക് വാഹന സൗഹൃദമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് 12000 രൂപ ലെവി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നീക്കം. വായുമലിനീകരണം വര്‍ധിപ്പിക്കുന്ന വാഹനങ്ങള്‍ എന്ന് കണക്കാക്കി പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ലെവി ചുമത്താനുളള സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. 

ആദ്യവര്‍ഷം ഈ ഇനത്തില്‍ 7500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നാലുവര്‍ഷം കൊണ്ട് 43000 രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തുടക്കത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് 50000 രൂപ ഇളവ് അനുവദിക്കും. നാലാമത്തെ വര്‍ഷമാകുമ്പോള്‍ ഇളവ്  15000 രൂപയായി കുറച്ചുകൊണ്ടുവരാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. 

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉപദേശക സമിതിയായ നീതി ആയോഗ് വിദഗ്ധരുമായി കൂടിയാലോചന നടത്തി വരികയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദ്യവര്‍ഷം 25000 രൂപ മുതല്‍ 50000 രൂപ വരെ ഇളവ് അനുവദിക്കുന്നതിന്റെ സാധ്യതയാണ് നീതി ആയോഗ് തേടുന്നത്. ഇലക്ട്രിക് വിഭാഗത്തില്‍പ്പെടുന്ന ഇരുചക്ര, മുചക്ര, കാറുകള്‍ക്ക് ആനുകൂല്യം കൈമാറാനാണ് ആലോചന നടക്കുന്നത്. 

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ നേരിട്ട് ആനുകൂല്യം കൈമാറുന്നതിന്റെ സാധ്യതയാണ് കേന്ദ്രം പരിശോധിക്കുന്നത്. സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണത്തില്‍ ഓടുന്ന ഇലക്ട്രിക് ബസുകള്‍ക്ക് കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും പദ്ധതിയുണ്ട്.  ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ കൈമാറുന്ന പതിവ് ചിന്താരീതി ഉപേക്ഷിച്ച് വാഹനഉടമകള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പദ്ധതി ആവിഷ്‌കരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. ബാറ്ററി വാങ്ങുന്നതിന് ഇളവ് അനുവദിക്കുന്നത് അടക്കമുളള കാര്യങ്ങള്‍ പരിശോധിക്കാനാണ് മോദിയുടെ നിര്‍ദേശം. ഇത് കണക്കുകൂട്ടിയുളള നയത്തിന് രൂപം നല്‍കാനാണ് ആലോചിക്കുന്നത്. പരിഷ്‌കരിച്ച ഇലക്ട്രിക് വാഹനനയം അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com