ആധാര്‍ പാനുമായി ബന്ധിപ്പിക്കേണ്ടതില്ല; ആദായ നികുതിദായകര്‍ക്ക് ഇളവുമായി കോടതി

 ആധാര്‍ രജിസ്‌ട്രേഷനില്ലാതെ തന്നെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി.
ആധാര്‍ പാനുമായി ബന്ധിപ്പിക്കേണ്ടതില്ല; ആദായ നികുതിദായകര്‍ക്ക് ഇളവുമായി കോടതി

ന്യൂഡല്‍ഹി:  ആധാര്‍ രജിസ്‌ട്രേഷനില്ലാതെ തന്നെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. ആധാര്‍ നമ്പറില്ലാത്ത കാരണത്താല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണ് ആധാര്‍ പാനുമായി ബന്ധിപ്പിക്കുന്നത് അടക്കമുളള വിഷയങ്ങളില്‍ ഡല്‍ഹി ഹൈക്കോടതി ഇളവ് അനുവദിച്ചത്. ആധാര്‍ രജിസ്‌ട്രേഷനൊടൊപ്പം ആധാറും പാനുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.  ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, എ കെ ചാവഌഎന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നികുതിദായകര്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. 

പിഴ ഒടുക്കാതെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുളള അവസാന തീയതി ജൂലായ് 31 ആണ്. ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന നികുതിദായകരുടെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. നിലവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ രജിസ്‌ട്രേഷനും പാന്‍ നമ്പറുമായി ബന്ധിപ്പിക്കലും നിര്‍ബന്ധമാണ്. ഇതില്‍ ഇളവ് അനുവദിക്കാനാണ് പ്രത്യക്ഷ നികുതി ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടത്. 

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുകയാണ്. ഇതും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കഴിഞ്ഞ ദിവസം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താതെ തന്നെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com