വാട്‌സാപ്പിന് വെല്ലുവിളിയുമായി ബാബാ രാംദേവ്; സിം കാര്‍ഡിന് പിന്നാലെ വരുന്നു കിംഭോ ആപ്പ് 

സ്വദേശി സമൃതി സിം കാര്‍ഡുകള്‍ക്കു പിന്നാലെ പുതിയ മെസേജിംഗ് ആപ്പുമായി ബാബാ രാംദേവ്
വാട്‌സാപ്പിന് വെല്ലുവിളിയുമായി ബാബാ രാംദേവ്; സിം കാര്‍ഡിന് പിന്നാലെ വരുന്നു കിംഭോ ആപ്പ് 

ന്യൂഡല്‍ഹി: സ്വദേശി സമൃതി സിം കാര്‍ഡുകള്‍ക്കു പിന്നാലെ പുതിയ മെസേജിംഗ് ആപ്പുമായി ബാബാ രാംദേവ്. വാട്‌സാപ്പിന് വെല്ലുവിളി സൃഷ്ടിക്കാന്‍ കിംഭോ എന്ന പുതിയ മെസേജിംഗ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് പതഞ്ജലി. സ്വകാര്യ-ഗ്രൂപ്പ് ചാറ്റ്, സൗജന്യ വോയിസ്-വീഡിയോ കോളുകള്‍, ടെക്സ്റ്റ്-വോയിസ് മെസേജുകള്‍, വിഡിയോ, സ്റ്റിക്കര്‍, ലൊക്കേഷന്‍ തുടങ്ങിയ ഫീച്ചറുകളോടെയാണ് കിംഭോ പുറത്തിറക്കുന്നത്. 

കിംഭോ ആപ്പ് ഇന്ത്യയുടെ സ്വദേശി ആപ്പ് എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നതെന്നും ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നും പതഞ്ജലി വക്താവ് എസ് കെ തിജര്‍വാല വ്യക്തമാക്കി. സിം കാര്‍ഡുകള്‍ക്ക് പിന്നാലെ ബാബാ രാംദേവ് മെസേജിംഗ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണെന്നും വാട്ട്‌സാപ്പിന് ഇത് വലിയ വല്ലുവിളി ഉയര്‍ത്തുമെന്നും തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ തിജര്‍വാല ട്വീറ്റ് ചെയ്തു. ആവശ്യമില്ലാത്ത മെസേജുകളും കോണ്ടാക്റ്റുകളും ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം കിംഭോയില്‍ ഉണ്ട്. 

കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിംകാര്‍ഡ് രാംദേവ് പുറത്തിറക്കിയത്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ മെസേജിംഗ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളോടെയാണ്  സ്വദേശി സമൃദ്ധി സിംകാര്‍ഡ് പതഞ്ജലി അവതരിപ്പിച്ചത്. 144രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ രാജ്യത്തെവിടെയും പരിധിയില്ലാതെ കോള്‍ ചെയ്യാനാകും ഇതിനുപുറമേ 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും റീചാര്‍ജില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഈ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പതജ്ഞലി ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10ശതമാനം ഇളവ് ലഭിക്കുകയും ചെയ്യും. സിം കാര്‍ഡുകള്‍ ബിഎസ്എന്‍എല്‍ ഓഫീസുകള്‍ വഴി പതഞ്ജലി ജീവനക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com