പണം പിന്‍വലിക്കാന്‍ ഡെബിറ്റ് കാര്‍ഡും യോനോ ആപ്പും വേണ്ട!; പുതിയ സംവിധാനവുമായി എസ്ബിഐ

പണം പിന്‍വലിക്കാന്‍ ഡെബിറ്റ് കാര്‍ഡും യോനോ ആപ്പും വേണ്ട!; പുതിയ സംവിധാനവുമായി എസ്ബിഐ

ഡെബിറ്റ് കാര്‍ഡും യോനോ ആപ്പും ഇല്ലാതെ തന്നെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഉപഭോക്താവിന് സാധിക്കുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡും യോനോ ആപ്പും ഇല്ലാതെ തന്നെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഉപഭോക്താവിന് സാധിക്കുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. എസ്ബിഐ യോനോ വെബ്‌സൈറ്റ് ഉപയോഗിച്ച് പണം പിന്‍വലിക്കാനുളള സൗകര്യമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണിന്റെ സഹായമില്ലാതെ കേവലം ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ച് പോലും പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു.

രാജ്യത്തെ 16,000 എസ്ബിഐ എടിഎമ്മുകളില്‍ ഈ സൗകര്യം ലഭ്യമാണ്. യോനോ ക്യാഷ് പോയിന്റുകള്‍ എന്നാണ് ഈ എടിഎമ്മുകള്‍ അറിയപ്പെടുന്നത്. എസ്ബിഐയോനോ ഡോട്ട് എസ്ബിഐ എന്ന പേരിലുളള വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഇടപാട് നടത്താനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

വെബ്‌സൈറ്റില്‍ കയറി ലോഗിന്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. നെറ്റ് ബാറ്റിങ്ങിന്റെ യൂസര്‍ ഐഡിയും, പാസ്‌വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. തുടര്‍ന്ന്് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കാനുളള സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ എടിഎം കൗണ്ടറില്‍ നിന്ന് ഇടപാട് നടത്താന്‍ സാധിക്കുമെന്ന് ബാങ്ക് പറയുന്നു.

വെബ്‌പേജിന്റെ താഴെ മൈ റീവാര്‍ഡ്‌സ് എന്ന സെക്ഷന്‍ ഉണ്ട്. അവിടെ യോനോ പേ, യോനോ ക്യാഷ്, ബില്‍ പേ, പ്രോഡക്ട്‌സ്, തുടങ്ങി നിരവധി ഓപ്ഷനുകള്‍ കാണാം. ഇതില്‍ യോനോ ക്യാഷ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഇടപാട് നടത്താവുന്നതാണ്. 

കുറഞ്ഞത് 500 രൂപയും പരമാവധി 10,000 രൂപയും ഇത്തരം ഇടപാട് വഴി പിന്‍വലിക്കാവുന്നതാണ്. റിക്വസ്റ്റ് യോനോ ക്യാഷില്‍ ക്ലിക്ക് ചെയ്താണ് ഇടപാടിന് ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകേണ്ടത്. ഇവിടെ സേവിങ്‌സ് അക്കൗണ്ട് ബാലന്‍സ് കാണാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

തുടര്‍ന്ന് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കേണ്ട തുക രേഖപ്പെടുത്തുകയാണ് അവസാനഘട്ടം. പിന്നീട് യോനോ ക്യാഷ് പിന്‍ ഉപയോഗിച്ച് ഇടപാട് പൂര്‍്ത്തിയാക്കാമെന്ന് എസ്ബിഐ വ്യക്തമാക്കുന്നു.യോനോ ആപ്പ് വഴിയും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. ഇവിടെയും ഡെബിറ്റ് കാര്‍ഡിന്റെ ആവശ്യമില്ല. യോനോ ക്യാഷ് പിന്‍ ഉപയോഗിച്ചാണ് ഇവിടെയും ഇടപാട് നടത്താന്‍ സാധിക്കുക. എസ്എംഎസായി ലഭിക്കുന്ന റഫറന്‍സ് നമ്പറും ഉപയോഗിച്ചാല്‍ മാത്രമേ ഇടപാട് പൂര്‍ത്തിയാക്കാനാവൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com