ഇനി വാച്ച് നോക്കാതെ 24 മണിക്കൂറും പണം കൈമാറാം; ഇന്നുമുതല്‍ പ്രാബല്യത്തില്‍

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാകും
ഇനി വാച്ച് നോക്കാതെ 24 മണിക്കൂറും പണം കൈമാറാം; ഇന്നുമുതല്‍ പ്രാബല്യത്തില്‍

മുംബൈ:ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാകും. അവധി ദിനങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തിലെ എല്ലാ ദിവസങ്ങളിലും 24 മണിക്കൂര്‍ നെഫ്റ്റ് സേവനം ഇടപാടുകാരന് പ്രയോജനപ്പെടുത്താം.

നേരത്തെ രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് 6.30 വരെയുളള സമയത്തെ നെഫ്റ്റ് സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുമായിരുന്നുളളൂ. മാസത്തിന്റെ ആദ്യ ശനിയാഴ്ചയും മൂന്നാമത്തെ ശനിയാഴ്ചയും സെറ്റില്‍മെന്റ് സമയം രാവിലെ എട്ടുമണി മുതല്‍ ഒരു മണിവരെയാണ്.ഇതാണ് റിസര്‍വ് ബാങ്ക് ഉത്തരവ് അനുസരിച്ച് 24 മണിക്കൂറാക്കിയത്. അരമണിക്കൂര്‍ കൂടൂമ്പോള്‍ ഉളള ബാച്ചുകളായി തിരിച്ചാണ് സെറ്റില്‍മെന്റ് നടത്തുക. ആദ്യ സെറ്റില്‍മെന്റ് രാവിലെ 12.30ന് ശേഷമാണ് നടക്കുക. സെറ്റില്‍മെന്റിനുളള അവസാന ബാച്ച് അര്‍ധരാത്രിയാണ് പരിഗണിക്കുകയെന്നും റിസര്‍വ് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

സാധാരണ ബാങ്കിംഗ് സമയത്തിന് ശേഷമുള്ള നെഫ്റ്റ് ഇടപാടുകള്‍ ബാങ്കുകള്‍ 'സ്‌ട്രെയിറ്റ് ത്രൂ പ്രോസസിംഗ് (എസ്ടിപി)' മോഡുകള്‍ വഴിയാണ് നടത്തുക. എല്ലാ നെഫ്റ്റ് ഇടപാടുകള്‍ക്കും സ്ഥിരീകരണ സന്ദേശം അയയ്ക്കുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പാക്കണമെന്നും നെഫ്റ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നിലവില്‍ ഉടനടിയുളള പേയ്‌മെന്റ് സംവിധാനമായ ഐഎംപിഎസ് സേവനം 24 മണിക്കൂറും ലഭ്യമാണ്. എന്നാല്‍ രണ്ടുലക്ഷം രൂപയുടെ പരിധിയുണ്ട് ഈ സേവനത്തിന്.

ഈ വര്‍ഷം ജൂലൈ 1 മുതല്‍ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നെഫ്റ്റ്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) വഴിയുള്ള ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിക്കുകയും ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ കൈമാറാന്‍ ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നേരത്തെ, ആര്‍ടിജിഎസ്, നെഫ്റ്റ് എന്നിവ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് ബാങ്കുകളിന്മേല്‍ മിനിമം ചാര്‍ജ് ഈടാക്കാറുണ്ടായിരുന്നു. ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും നിരക്കുകള്‍ ഈടാക്കും. ആര്‍ടിജിഎസ് വലിയ മൂല്യമുള്ള തല്‍ക്ഷണ ഫണ്ട് ട്രാന്‍സ്ഫര്‍ രീതിയാണ്. അതേസമയം നെഫ്റ്റ് 2 ലക്ഷം രൂപ വരെയുളള ഫണ്ട് കൈമാറ്റത്തിനായി ഉപയോഗിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com