വീണ്ടും മൊബൈല്‍ നിരക്ക് ഉയരുമോ?; ഫോണ്‍വിളികള്‍ക്കും ഡേറ്റാ സേവനത്തിനും അടിസ്ഥാന നിരക്ക് നിശ്ചയിക്കാന്‍ നീക്കം

ഫോണ്‍ വിളികള്‍ക്കും ഡേറ്റാ സേവനത്തിനും അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നതിന്റെ സാധ്യത തേടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബന്ധപ്പെട്ടവരില്‍ നിന്ന് അഭിപ്രായം തേടി
വീണ്ടും മൊബൈല്‍ നിരക്ക് ഉയരുമോ?; ഫോണ്‍വിളികള്‍ക്കും ഡേറ്റാ സേവനത്തിനും അടിസ്ഥാന നിരക്ക് നിശ്ചയിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: മൊബൈല്‍ നിരക്കുകള്‍ 40 ശതമാനം വരെ വര്‍ധിപ്പിച്ചതിന്റെ അസംതൃപ്തി വിട്ടുമാറും മുന്‍പ്, ഉപഭോക്താക്കള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി നിരക്ക് ഉയര്‍ത്താന്‍ സാധ്യത. ഫോണ്‍ വിളികള്‍ക്കും ഡേറ്റാ സേവനത്തിനും അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നതിന്റെ സാധ്യത തേടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബന്ധപ്പെട്ടവരില്‍ നിന്ന് അഭിപ്രായം തേടി. 

അടുത്തിടെ,ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ ക്രമാതീതമായി വര്‍ധിപ്പിച്ചിരുന്നു. ഏകദേശം 40 ശതമാനം വരെയാണ് ഡേറ്റാ സേവനം ഉള്‍പ്പെടെയുളള സേവനങ്ങള്‍ക്ക് നിരക്ക് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ട്രായിയുടെ പുതിയ നീക്കം.

ഫോണ്‍ വിളികള്‍ക്കും ഡേറ്റാ സേവനത്തിനും അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നത് മൊബൈല്‍ നിരക്കുകള്‍ വീണ്ടും ഉയരാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതോടെ ടെലികോം രംഗത്ത് വിപ്ലവകരമായ തീരുമാനമെന്ന് വിശേഷിപ്പിച്ചിരുന്ന സൗജന്യ ഫോണ്‍ വിളി ഇല്ലാതെയാകുമെന്നാണ് കണക്കുകൂട്ടല്‍. കൂടാതെ തുച്ഛമായ നിരക്കില്‍ ലഭിച്ചിരുന്ന ഡേറ്റാ സേവനവും അവസാനിക്കുമെന്നുമുളള ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഡേറ്റാ സേവനങ്ങള്‍ക്കും ഫോണ്‍ വിളികള്‍ക്കും ചുമത്താവുന്ന നിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ല. 

ഫോണ്‍ വിളികള്‍ക്കും ഡേറ്റാ സേവനത്തിനും അടിസ്ഥാന നിരക്ക് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടെലികോം കമ്പനികളാണ് ട്രായിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ടെലികോം കമ്പനികള്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടുകയാണ്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന നിലപാടിലാണ് കമ്പനികള്‍.

നിലവില്‍ ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനികള്‍ക്ക് ലഭിക്കുന്ന വരുമാനം ശരാശരി 125 രൂപയാണ്. ഇത് 300 രൂപയായി ഉയര്‍ന്നെങ്കില്‍ മാത്രമേ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറാന്‍ സാധിക്കൂ എന്നാണ് ടെലികോം കമ്പനികള്‍ വാദിക്കുന്നത്.

നിലവിലെ താരിഫുകളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ആവശ്യമാണെന്ന് ട്രായ് പറയുന്നു. അടുത്തിടെ കമ്പനികള്‍ താരിഫ് ഉയര്‍ത്തിയിരുന്നു. വീണ്ടും അത്തരത്തിലുളള വര്‍ധന ആവശ്യമെങ്കില്‍ ചര്‍ച്ച അനിവാര്യമാണ്. നിരക്കുകള്‍ ഉയര്‍ത്തുന്നതിന് നിയമപരമായ ഇടപെടലാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഇതിന് ബന്ധപ്പെട്ടവരില്‍ നിന്ന് അഭിപ്രായം തേടിയ ശേഷം വേണ്ട തീരുമാനം കൈക്കൊളളുമെന്ന് ട്രായി വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com