റീഫണ്ട് കിട്ടണോ?; ബാങ്ക് അക്കൗണ്ടിനെ പാനുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതിവകുപ്പ് 

അടുത്തമാസം മുതല്‍ ഇലക്ട്രോണിക് മാധ്യമം വഴി മാത്രമേ റീഫണ്ട് തുക നികുതിദായകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയുളളൂ
റീഫണ്ട് കിട്ടണോ?; ബാങ്ക് അക്കൗണ്ടിനെ പാനുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതിവകുപ്പ് 

ന്യൂഡല്‍ഹി: റീഫണ്ട് ലഭിക്കാന്‍ നികുതിദായകര്‍ ബാങ്ക് അക്കൗണ്ടിനെ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്. അടുത്തമാസം മുതല്‍ ഇലക്ട്രോണിക് മാധ്യമം വഴി മാത്രമേ റീഫണ്ട് തുക നികുതിദായകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയുളളൂ. ഈ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ടിനെ പാനുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.

മാര്‍ച്ച് ഒന്ന് മുതല്‍ ഇലക്ട്രോണിക് റീഫണ്ടിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്. ഇതിന്റെ ഭാഗമായാണ് ബാങ്ക് അക്കൗണ്ടിനെ പാന്‍നമ്പറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം ആദായനികുതി വകുപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് സേവിങ്‌സോ, കറന്റോ ആകാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

നിലവില്‍  ബാങ്ക് അക്കൗണ്ട് വഴിയോ അക്കൗണ്ട് പേയി ചെക്ക് വഴിയോ ആണ് റീഫണ്ട് തുക ആദായനികുതിവകുപ്പ് നികുതിദായകര്‍ക്ക് കൈമാറുന്നത്. നികുതിദായകരുടെ കാറ്റഗറി അനുസരിച്ചാണ് ഏതുവഴി തുക കൈമാറണമെന്ന് നിശ്ചയിക്കുന്നത്. 

അടുത്തിടെ പാന്‍- ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഐടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത് നിര്‍ബന്ധമാക്കിയത്. ഇതിന്റെ നടപടികള്‍ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും.നിലവില്‍ 42 കോടി പാന്‍ കാര്‍ഡുകളാണ് ആദായനികുതിവകുപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ 23 കോടി പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com