പാന്‍ നിര്‍ബന്ധമല്ല; 50000 രൂപയ്ക്ക് മുകളിലുളള പണമിടപാടുകള്‍ക്ക് ഇനി ആധാര്‍ ഉപയോഗിക്കാം

50000 രൂപയ്ക്ക് മുകളിലുളള പണമിടപാട് അടക്കം പാന്‍ നിര്‍ബന്ധമായിരുന്ന എല്ലാ ഇടപാടുകള്‍ക്കും ഇനി ആധാറും ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍
പാന്‍ നിര്‍ബന്ധമല്ല; 50000 രൂപയ്ക്ക് മുകളിലുളള പണമിടപാടുകള്‍ക്ക് ഇനി ആധാര്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി: 50000 രൂപയ്ക്ക് മുകളിലുളള പണമിടപാട് അടക്കം പാന്‍ നിര്‍ബന്ധമായിരുന്ന എല്ലാ ഇടപാടുകള്‍ക്കും ഇനി ആധാറും ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍.നിലവില്‍ ഇത്തരം ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. ഇതിന് പകരമായി ആധാറുമായി ഉപയോഗിക്കാമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.

50000 രൂപയ്ക്ക് മുകളിലുളള പണമിടപാടുകള്‍ക്ക് ആധാര്‍ ഉപയോഗിക്കാനുളള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും വൈകാതെ തന്നെ സാങ്കേതികവിദ്യ നവീകരിക്കുമെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. പാന്‍ നിര്‍ബന്ധമായിരുന്ന സ്ഥാനത്ത് ആധാറും ഉപയോഗിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ ബാങ്കുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദായനികുതി ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കാന്‍ പാനിന് പകരം ആധാര്‍ ഉപയോഗിക്കാമെന്ന ബജറ്റ് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 22 കോടി പാന്‍ കാര്‍ഡുകളാണ് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. അതേസമയം 120 കോടി ജനങ്ങളുടെ കൈവശം ആധാറുണ്ട്. ആര്‍ക്കെങ്കിലും പാന്‍ വേണമെങ്കില്‍ ആദ്യം അയാള്‍ ആധാര്‍ ഉപയോഗിക്കണം. എങ്കില്‍ മാത്രമേ പാന്‍ ലഭിക്കുകയുളളൂ. എന്നാല്‍ അമ്പതിനായിരം രൂപയില്‍ കൂടുതല്‍ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ആധാര്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്നത് ഇടപാടുകാരന് കൂടുതല്‍ സൗകര്യപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

പടിപടിയായി പാന്‍ ഇല്ലാതാകുമോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിക്കുകയില്ലെന്നായിരുന്നു റവന്യൂ സെക്രട്ടറിയുടെ മറുപടി. ചിലര്‍ക്ക് പാന്‍ ഉപയോഗിക്കുന്നതായിരിക്കും സൗകര്യം. മറ്റുചിലര്‍ക്ക് ആധാറുമെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com