ഇന്ധന വില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരും; മുന്നറിയിപ്പുമായി സൗദി രാജകുമാരന്‍

നമ്മുടെ ജീവിതകാലത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം വില ഉയരാന്‍ സാധ്യതയുണ്ടെന്ന് സിബിഎസ് ചാനലുമായുള്ള അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍
ഇന്ധന വില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരും; മുന്നറിയിപ്പുമായി സൗദി രാജകുമാരന്‍

റിയാദ്: ഇറാനെതിരെ ലോക രാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ എണ്ണ വില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരുമെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. നമ്മുടെ ജീവിതകാലത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം വില ഉയരാന്‍ സാധ്യതയുണ്ടെന്ന് സിബിഎസ് ചാനലുമായുള്ള അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദി എണ്ണക്കിണറുകളില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി രാജകുമാരന്റെ പ്രതികരണം. ''ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനിന്നു ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വില ഇനിയും കുതിച്ചുയരും. ലോക രാജ്യങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിരായിരിക്കും അത്. എണ്ണ വിതരണം പ്രതിസന്ധിയിലാവുകയും വില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരുകയും ചെയ്യും'' അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

സെപ്തംബര്‍ 14ന് എണ്ണക്കിണറുകളിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പരാമര്‍ശത്തോട് യോജിക്കുന്നതായി സൗദി രാജകുമാരന്‍ അറിയിച്ചു. എന്നാല്‍ പ്രശ്‌ന പരിഹാരം ബലപ്രയോഗത്തിലൂടെയാവുന്നതിനോടു യോജിപ്പില്ല. സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സൗദി അറേബ്യയും ഇറാനും തമ്മില്‍ ഒരു യുദ്ധമുണ്ടാവുന്നത് ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

സൈനികമായ നടപടിയേക്കാള്‍ എന്തുകൊണ്ടും നല്ലത് രാഷ്ട്രീയമായ പരിഹാരമാണ്. ഇറാന്റെ ആണവ പദ്ധതിയില്‍ പുതിയ കരാറുണ്ടാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് സൗദി രാജകുമാരന്‍ നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com