ഇനി ഫാന്‍സി നമ്പറും ഓണ്‍ലൈനില്‍; ലേലവും ഹൈടെക്ക്; വാഹനത്തിന് നമ്പര്‍ റിസര്‍വ് ചെയ്യാന്‍ പുതിയ സമ്പ്രദായം 

മോട്ടോര്‍ വാഹന വകുപ്പില്‍ വാഹന്‍ സോഫ്റ്റ്‌വെയര്‍ നിലവില്‍ വന്നതോടെ ഫാന്‍സി നമ്പരുകള്‍ റിസര്‍വ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചു
ഇനി ഫാന്‍സി നമ്പറും ഓണ്‍ലൈനില്‍; ലേലവും ഹൈടെക്ക്; വാഹനത്തിന് നമ്പര്‍ റിസര്‍വ് ചെയ്യാന്‍ പുതിയ സമ്പ്രദായം 

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പില്‍ വാഹന്‍ സോഫ്റ്റ്‌വെയര്‍ നിലവില്‍ വന്നതോടെ ഫാന്‍സി നമ്പരുകള്‍ റിസര്‍വ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചു. ഇനി മുതല്‍ നമ്പര്‍ റിസര്‍വ് ചെയ്യാനുദ്ദേശിക്കുന്നയാള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ബന്ധപ്പെട്ട ഓഫീസ് തിരഞ്ഞെടുക്കുമ്പോള്‍ റിസര്‍വ് ചെയ്യുന്നതിന് മാറ്റിവെച്ച നമ്പരുകള്‍ കാണാന്‍ സാധിക്കും. 

ഇഷ്ടമുള്ള നമ്പര്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി ഫീസടയ്ക്കാം. തിങ്കളാഴ്ച രാവിലെ പത്തരമുതല്‍ ശനിയാഴ്ച വൈകീട്ട് നാലരവരെ ഇങ്ങനെ നമ്പര്‍ റിസര്‍വ് ചെയ്യാം. എല്ലാ ശനിയാഴ്ചയും വൈകീട്ട് അഞ്ചു മുതല്‍ തിങ്കളാഴ്ച രാവിലെ പത്തുവരെ ലേലനടപടികള്‍ ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കും. ഒരു നമ്പരിന് ഒരാള്‍മാത്രമേ റിസര്‍വ് ചെയ്തിട്ടുള്ളൂവെങ്കില്‍ തിങ്കളാഴ്ച നമ്പര്‍ ലഭിക്കും.

നമ്പര്‍ റിസര്‍വ് ചെയ്ത അപേക്ഷകന്‍ ലേലം നടക്കുന്ന സമയത്ത് ലോഗിന്‍ ചെയ്യണം. ഒന്നിലധികം അപേക്ഷകള്‍ ഒരേ നമ്പരിന് ഉണ്ടെങ്കില്‍ ലേലത്തില്‍ പങ്കാളിയാകാം. ലേലം കഴിയുന്ന മുറയ്ക്ക് വിജയിക്കും പരാജിതനും സന്ദേശം ലഭിക്കും. വിജയി ബാക്കി തുക ഓണ്‍ലൈനായി ഒടുക്കി അഞ്ചുദിവസത്തിനകം വാഹനം രജിസ്റ്റര്‍ ചെയ്യണം.

മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ പണം മടക്കിനല്‍കും. ഒരു വാഹനത്തിന് ഒന്നിലധികം നമ്പര്‍ റിസര്‍വ് ചെയ്യാം. രണ്ടു നമ്പരിലും ഒരാള്‍തന്നെ വിജയി ആയാല്‍ ഒരു നമ്പര്‍ തിരഞ്ഞെടുക്കാം. മറ്റേ നമ്പരിനായി അടച്ച തുക തിരികെ ലഭിക്കില്ല. ഈ നമ്പര്‍ റിസര്‍വ് ചെയ്യാനുള്ള പട്ടികയില്‍പ്പെടുത്തും.

ഓണ്‍ലൈനില്‍ നടക്കുന്നതിനാല്‍ ലേലത്തിലെ വിജയി ബാക്കിതുക ഒടുക്കിയില്ലെങ്കില്‍ ലേലത്തില്‍ പങ്കുകൊള്ളുന്ന മറ്റുള്ളവര്‍ക്ക് അത് അറിയാന്‍ കഴിയില്ല. അതുകൊണ്ട് ലേലത്തിലെ രണ്ടാമത്തെയാള്‍ക്ക് ഈ നമ്പര്‍ നല്‍കാന്‍ കഴിയില്ല. ഈ നമ്പര്‍ വീണ്ടും റിസര്‍വേഷനായി ലഭ്യമാക്കും.

ഒരു സീരീസ് തീരുമ്പോള്‍ റിസര്‍വ് ചെയ്യാതെ കിടക്കുന്ന, പട്ടികയില്‍പ്പെടുത്തിയ നമ്പരുകള്‍ ഒരാഴ്ചത്തേക്ക് 3000 രൂപയ്ക്ക് റിസര്‍വ് ചെയ്യാം. ഇതില്‍ അവശേഷിക്കുന്ന നമ്പറുകള്‍ സാധാരണപോലെ മറ്റു വാഹനങ്ങള്‍ക്ക് റിസര്‍വേഷനില്ലാതെതന്നെ നല്‍കുന്നതായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com