84 ദിവസം കാലാവധിയുളള 399 രൂപയുടെ പ്ലാനിന് ഇനി 555 രൂപ നല്‍കണം; ജിയോ മൊബൈല്‍ നിരക്കുകള്‍ 39 ശതമാനം വരെ കൂട്ടി

സാമ്പത്തിക നഷ്ടം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്
84 ദിവസം കാലാവധിയുളള 399 രൂപയുടെ പ്ലാനിന് ഇനി 555 രൂപ നല്‍കണം; ജിയോ മൊബൈല്‍ നിരക്കുകള്‍ 39 ശതമാനം വരെ കൂട്ടി

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ജിയോ മൊബൈല്‍ നിരക്ക് കുത്തനെ കൂട്ടി. ഡിസംബര്‍ ആറുമുതല്‍ വിവിധ പ്ലാനുകളില്‍ 39 ശതമാനത്തിന്റെ വരെ വര്‍ധനയാണ് ഉണ്ടാവുക. മറ്റു ടെലികോം സേവനദാതാക്കളെ അപേക്ഷിച്ച് 15 ശതമാനം മുതല്‍ 25 ശതമാനം വരെ നിരക്ക് താഴ്ത്തി സേവനം നല്‍കിയിരുന്ന ജിയോയുടെ കുത്തനെയുളള വര്‍ധനയാണിത്.

ജിയോയുടെ ഓള്‍ ഇന്‍ വണ്‍ പ്ലാനുകളുടെ നിരക്കാണ് കുത്തനെ ഉയര്‍ത്തിയത്. ഇതോടെ ഫോണ്‍ വിളിയും ഡേറ്റ ഉപഭോഗവും ചെലവേറിയതാകും. പുതുക്കിയ ഓള്‍ ഇന്‍ വണ്‍ പ്ലാനുകളില്‍ പ്രതിദിനം ഒന്നര ജിബി ഡേറ്റ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതിന് പുറമേ മറ്റു ടെലികോം കമ്പനികളുടെ നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ സൗജന്യമായി നല്‍കിയിരുന്ന കോളുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സാമ്പത്തിക നഷ്ടം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം എയര്‍ടെലും വൊഡഫോണ്‍- ഐഡിയയും നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നിരക്ക് ഉയര്‍ത്തുമെന്ന് റിലയന്‍സ് ജിയോയും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിരക്കിന്റെ തോത് ജിയോ വ്യക്തമാക്കിയത്.

പുതുക്കിയ പ്ലാനുകള്‍ അനുസരിച്ച് 84 ദിവസം കാലാവധിയുളള താരിഫ് പ്ലാനിന് 555 രൂപ നല്‍കണം. പ്രതിദിനം 1.5 ജിബി ഡേറ്റ ലഭ്യമാക്കുന്ന ഈ പ്ലാനിന് നേരത്തെ ഈടാക്കിയിരുന്നത് 399 രൂപയായിരുന്നു. 40 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.  ഇതിന് പുറമേ 155, 198, 299, 349 പ്ലാനുകള്‍ യഥാക്രമം 199, 249, 349,399 എന്നിങ്ങനെയായി നിരക്ക് ഉയര്‍ന്നു.നേരത്തെ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും അതേപോലെ തന്നെ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് പ്ലാനുകള്‍ പുതുക്കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. 300 ശതമാനം വരെ നേട്ടങ്ങളാണ് ഈ പ്ലാനുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്നും കമ്പനി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com