2000 രൂപ നോട്ട് പിന്‍വലിക്കുമോ?; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

2000 രൂപ നോട്ട് പിന്‍വലിക്കാന്‍ പോകുന്നതായുളള റിപ്പോര്‍ട്ടുകള്‍ തളളി കേന്ദ്രസര്‍ക്കാര്‍
2000 രൂപ നോട്ട് പിന്‍വലിക്കുമോ?; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2000 രൂപ നോട്ട് പിന്‍വലിക്കാന്‍ പോകുന്നതായുളള റിപ്പോര്‍ട്ടുകള്‍ തളളി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ പറഞ്ഞു.

2000 രൂപ നോട്ട് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായുളള റിപ്പോര്‍ട്ടുകളെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനുരാഗ് താക്കൂര്‍. ഇതൊരു ആശങ്കയായി ഉയര്‍ന്നുവന്നിരിക്കുകയാണ്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.

2000 രൂപയുടെ നോട്ട് പുറത്തിറക്കിയതോടെ, കളളപ്പണം വര്‍ധിച്ചതായി സമാജ്‌വാദി പാര്‍ട്ടി എംപി വിശംഭര്‍ പ്രസാദ് നിഷാദ് ചര്‍ച്ചക്കിടെ പറഞ്ഞു. 2000 രൂപ നോട്ട് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആയിരം രൂപ നോട്ട് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്നതായും വിശംഭര്‍ പ്രസാദ് നിഷാദ് പറഞ്ഞു. 2016 നവംബറിലാണ് ആയിരം, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്.

കളളപ്പണം തടയുന്നതിന് വേണ്ടിയാണ് നോട്ടുനിരോധനം നടപ്പിലാക്കിയതെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. ഇതൊടൊപ്പം വ്യാജനോട്ടുകളുടെ വ്യാപനം തടയുകയും നോട്ടുനിരോധനത്തിന്റെ ലക്ഷ്യമായിരുന്നു.ഇതിലൂടെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കുളള പണത്തിന്റെ ഒഴുക്ക് തടയാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. അത്തരത്തിലുളള നടപടികളിലൂടെ നികുതിയുടെ അടിത്തറ വിപുലീകരിച്ചും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിച്ചും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ സുതാര്യമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

2016 നവംബര്‍ നാലിന് 17,74,187 കോടി നോട്ടുകളാണ് വിപണിയില്‍ പ്രചാരണത്തില്‍ ഉണ്ടായിരുന്നത്. ഇത് 2019 ഡിസംബര്‍ രണ്ടിന് 22,35,648 കോടിയായി ഉയര്‍ന്നതായി അനുരാഗ് താക്കൂറിന്റെ മറുപടിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com