ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: ഐഎംഎഫ്

സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ച പരിഹരിച്ച് പഴയപടിയിലേക്ക് എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് രാജ്യാന്തര നാണ്യനിധി ആവശ്യപ്പെട്ടു
ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: ഐഎംഎഫ്

ന്യൂയോര്‍ക്ക്:  ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് രാജ്യാന്തര നാണയ നിധി. സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ച പരിഹരിച്ച് പഴയപടിയിലേക്ക് എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് രാജ്യാന്തര നാണ്യനിധി ആവശ്യപ്പെട്ടു. 

ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്ന രാജ്യങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഇന്ത്യയ്ക്ക്. എന്നാല്‍ അടുത്തിടെയായി ഇന്ത്യ തളര്‍ച്ച നേരിടുകയാണ്. ഇതിന് പരിഹാരം കാണാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് രാജ്യാന്തര നാണ്യനിധി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്നതിന് ശക്തമായ നയപരമായ നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎഫ് നിര്‍ദേശിച്ചു.

ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനത്തിലെ കുറവും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നിനെ തളര്‍ച്ചയുടെ പാതയില്‍ എത്തിച്ചെന്ന് ഐഎംഎഫിന്റെ വാര്‍ഷിക അവലോകനത്തില്‍ പറയുന്നു. ഇന്ത്യയുടെ തളര്‍ച്ച ആഗോള വളര്‍ച്ചയെ സാരമായി ബാധിക്കുന്നുവെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.

നിലവിലെ മാന്ദ്യത്തെ അഭിസംബോധന ചെയ്യുന്നതിനും ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്കു മടങ്ങുന്നതിനും അടിയന്തര നയപരമായ നടപടികള്‍ ആവശ്യമാണെന്ന് ഐഎംഎഫ് അസി. ഡയറക്ടര്‍ റാനില്‍ സല്‍ഗാഡോ ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും, വളര്‍ച്ചയെ സഹായിക്കുന്നതിനുളള നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനു സര്‍ക്കാരിനു പരിമിതിയുണ്ട്.

'പ്രത്യേകിച്ചും ഉയര്‍ന്ന കടത്തിന്റെ അളവും പലിശ ശതമാനവും കണക്കിലെടുക്കുമ്പോള്‍. സമ്പദ്‌വ്യവസ്ഥയ്ക്കു വായ്പ നല്‍കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിന് സാമ്പത്തിക മേഖലയുടെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതടക്കമുള്ള പരിഷ്‌കരണ അജന്‍ഡ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്'-സല്‍ഗാഡോ കൂട്ടിച്ചേര്‍ത്തു.ഐഎംഎഫിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് കഴിഞ്ഞയാഴ്ച ഇന്ത്യയുടെ മാന്ദ്യം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com