ചാനലുകള്‍ ജനുവരി 31നുള്ളില്‍ തെരഞ്ഞെടുക്കണം, 100 ചാനലുകള്‍ക്കു നല്‍കേണ്ടത് 153.40 രൂപ

ഒന്നിലധികം ചാനലുകള്‍ക്ക് പ്രത്യേക വില നിശ്ചയിച്ച് പരസ്യം ചെയ്യുന്നത് പ്രേക്ഷക താത്പര്യത്തിന് വിരുദ്ധമാണെന്ന് ട്രായ്
ചാനലുകള്‍ ജനുവരി 31നുള്ളില്‍ തെരഞ്ഞെടുക്കണം, 100 ചാനലുകള്‍ക്കു നല്‍കേണ്ടത് 153.40 രൂപ

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകള്‍ പ്രേക്ഷകരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള ട്രായ് നിര്‍ദേശം ഫെബ്രുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. നേരത്തെ ഡിസംബര്‍ 29 മുതല്‍ ഇതു പ്രാബല്യത്തില്‍ വരുത്താനായിരുന്നു നിര്‍ദേശമെങ്കിലും തീയതി നീട്ടുകയായിരുന്നു. 

മാസത്തില്‍ നികുതി ഒഴികെ 130 രൂപയ്ക്ക് നൂറു ചാനലുകള്‍ പ്രേക്ഷകര്‍ക്ക് ഉറപ്പുവരുത്താനാണ് ട്രായ് നിര്‍ദേശം. ഫ്രീ ടു എയര്‍, പേ ചാനലുകള്‍ ഉള്‍പ്പെടെയാണിത്. ജിഎസ്ടി ഉള്‍പ്പെടെ 153.40 രൂപയാണ് നൂറു ചാനലുകള്‍ക്ക് ഉപഭോക്താക്കള്‍ നല്‍കേണ്ടത്. നൂറു ചാനലുകള്‍ക്കു പുറമേയുള്ള പേ ചാനലുകള്‍ക്കു പ്രത്യേകം പണം നല്‍കണം. ചാനലുകള്‍ ജനുവരി 31ന് മുമ്പ് തെരഞ്ഞെടുക്കണമെന്ന് ട്രായ് അറിയിച്ചു.

തെരഞ്ഞെടുക്കാവുന്ന ചാനലുകളില്‍ എച്ച്ഡി ചാനലുകള്‍ ഉണ്ടോയെന്നതില്‍ വ്യക്തതയില്ല. ഒരു എച്ച് ഡി ചാനല്‍ = രണ്ടു എസ്ഡി ചാനലുകള്‍ എന്ന കണക്കില്‍ എച്ച്ഡി ചാനലുകളും തെരഞ്ഞെടുക്കാമെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ട്രായ് സ്ഥിരീകരിച്ചിട്ടില്ല. 

പേ ചാനല്‍, അലാകാര്‍ട്ടെ, ബൊക്കെ എന്നിങ്ങനെ രൂപത്തില്‍ പട്ടികയിലുളള ചാനലുകളില്‍ നിന്ന് 100 എണ്ണം തെരഞ്ഞെടുക്കാനുളള അവകാശമാണ് പ്രേക്ഷകന് ലഭിച്ചിരിക്കുന്നത്. നിര്‍ദിഷ്ട എണ്ണം ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകന് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചതായി ട്രായിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 20 രൂപ അധികം നല്‍കി 25 ചാനലുകള്‍ കൂടി തെരഞ്ഞെടുക്കാനുളള അവസരവും പ്രേക്ഷകനുണ്ട്.

അതേസമയം ഒന്നിലധികം ചാനലുകള്‍ക്ക് പ്രത്യേക വില നിശ്ചയിച്ച് പരസ്യം ചെയ്യുന്നത് പ്രേക്ഷക താത്പര്യത്തിന് വിരുദ്ധമാണെന്ന് ട്രായ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com