ബജറ്റിന് മുമ്പ് സിമന്റിന് വില കൂട്ടി; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 50 രൂപ, നിര്‍മാണ മേഖലയ്ക്ക് പ്രഹരം

സംസ്ഥാനത്ത് സിമന്റ് വില വര്‍ധിപ്പിച്ച് കമ്പനികള്‍
ബജറ്റിന് മുമ്പ് സിമന്റിന് വില കൂട്ടി; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 50 രൂപ, നിര്‍മാണ മേഖലയ്ക്ക് പ്രഹരം

കൊച്ചി: സംസ്ഥാനത്ത് സിമന്റ് വില വര്‍ധിപ്പിച്ച് കമ്പനികള്‍. ഫെബ്രുവരി ഒന്നു മുതല്‍ ഒരു ബാഗ് സിമന്റിന് 50 രൂപയോളം വില വര്‍ദ്ധിപ്പിക്കുമെന്ന സന്ദേശം 
കമ്പനികള്‍ വിതരണക്കാര്‍ക്ക് നല്‍കി. ഇത് കേരളത്തിലെ നിര്‍മാണ മേഖലയ്ക്ക് കനത്ത പ്രഹരമാകും .

കേന്ദ്ര- സംസ്ഥാന ബജറ്റും പ്രളയ സെസും നടപ്പാക്കും മുമ്പാണ് വില വര്‍ധന. 350-370 രൂപയുണ്ടായിരുന്ന സിമന്റ് മൊത്ത വില ഇതോടെ 400-420 രൂപയായി ഉയരും. ചില്ലറ വിലയില്‍ 10 മുതല്‍ 20 രൂപയുടെ വരെ വര്‍ദ്ധന ഉണ്ടാകും.

സിമന്റിന്റെ ജി.എസ്.ടി കുറയ്ക്കുമെന്ന് കരുതി നേരത്തേ 50 രൂപ കൂട്ടിയത് സബ്‌സിഡിയായി വ്യാപാരികള്‍ക്ക് നല്‍കി വരികയായിരുന്നു. ഒന്നു മുതല്‍ ഇത് നിര്‍ത്തലാക്കുകയാണെന്നാണ് കമ്പനികളുടെ അറിയിപ്പ്.നിര്‍മ്മാണമേഖലയെ മാത്രമല്ല പ്രളയാനന്തര നിര്‍മ്മാണങ്ങളെയും ഇത് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സിമന്റ് കമ്പനികളുടെ ഉടമകളുടെ കൂട്ടായ്മ ഇടയ്ക്കിടയ്ക്ക് വില കൂട്ടാറുണ്ടെങ്കിലും നിലവിലെ വില വര്‍ദ്ധന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളെ ഒഴിവാക്കി കേരളത്തിലാണ് ബാധകമാക്കുക. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാറില്ല.

ഒരു ശതമാനം പ്രളയ സെസ് കൂടിയാകുമ്പോള്‍ അഞ്ചു രൂപ വരെ സിമന്റിന് വീണ്ടും വില കൂടാം. കേന്ദ്ര  സംസ്ഥാന ബജറ്റുകളിലെ നികുതികളും വരുന്നതോടെ സിമന്റ് വില ഇനിയും ഉയരാം. ഇത് മുന്നില്‍ കണ്ട് കൊള്ള ലാഭമെടുക്കാനാണ് ബജറ്റ്് പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് വില ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 50 കിലോയുടെ ബാഗിന് ഒറ്റയടിക്ക് 50 രൂപ കൂട്ടുന്നത് സമീപകാലത്ത് ആദ്യമായാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com