പേരിലെ സിറിയ 'പണി തന്നു' ; കാത്തലിക് സിറിയന്‍ ബാങ്ക് സിഎസ്ബിയായത് ഇങ്ങനെ 

'സിഎസ്ബി ലിമിറ്റഡ്' എന്നാണ് പുതിയ പേര്
പേരിലെ സിറിയ 'പണി തന്നു' ; കാത്തലിക് സിറിയന്‍ ബാങ്ക് സിഎസ്ബിയായത് ഇങ്ങനെ 

'സിറിയന്‍' എന്ന വാക്കുള്ളതിനാല്‍ പേരുതന്നെ പരിഷ്‌കരിക്കേണ്ടിവന്നു കാത്തലിക് സിറിയന്‍ ബാങ്കിന്. രാഷ്ട്രീയ, ഭീകരവാദ പ്രശ്‌നങ്ങള്‍ നടക്കുന്ന സിറിയയില്‍ നിന്നുള്ള ബാങ്കാണ് എന്ന ധാരണയില്‍ ഇടപാടുകള്‍ കടുത്ത പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ് പുതിയ പേരിലേക്ക് മാറാന്‍ ബാങ്ക് നിര്‍ബന്ധിതമായത്. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലേക്ക് ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ട് നേരിട്ടതിന് പിന്നാലെയാണ് പേര് മാറ്റം. 

2015ല്‍തന്നെ ഈ ആവശ്യവുമായി ബാങ്ക് ആര്‍ബിഐയെ സമീപിച്ചിരുന്നു. പേരില്‍ സിറിയന്‍ എന്ന വാക്ക് ഉള്ളതിനാല്‍ വിദേശ ബാങ്കുകള്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ആവശ്യം ഉയര്‍ന്നുവന്നത്. 'സിഎസ്ബി ലിമിറ്റഡ്' എന്നാണ് പുതിയ പേര്. 

പേരിലെ കാത്തലിക് എന്ന വാക്കും ബാങ്കിനെ ഒരു പ്രത്യേക വിഭാഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്ന തരത്തില്‍ കാണാനിടയാക്കി. എന്നാല്‍ എല്ലാ വിഭാഗക്കാര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കാണ് തങ്ങളുടേതെന്നും സിറിയയുമായി ഒരു ബന്ധവുമില്ലെന്നും ബാങ്കിന്റെ എംഡിയും സിഇഒയുമായ സിവിആര്‍ രാജേന്ദ്രന്‍ പറഞ്ഞു. ഈ പ്രശ്‌നം നേരിട്ടതിനെത്തുടര്‍ന്ന് പല ഉപഭോക്താക്കളും ഇടപാടുകള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സിറിയയില്‍നിന്നുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതു പല രാജ്യങ്ങളിലും നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ പല ഇടപാടുകള്‍ക്കും ബാങ്ക് വിശദീകരണം നല്‍കേണ്ട സാഹചര്യമുണ്ടായി. ഇത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇടപാടുകളില്‍ കുറവുണ്ടാക്കി. പുതിയ രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബാങ്ക് നല്‍കിയ കണക്കുകള്‍കൂടി പരിശോധിച്ച് ആര്‍ബിഐ അപേക്ഷ അംഗീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com