യുപിഎ ഊതിപ്പെരുപ്പിച്ചു, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നാലര ശതമാനം മാത്രം; വിമര്‍ശനവുമായി മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

2011 മുതല്‍ 2017 വരെയുളള സാമ്പത്തിക വളര്‍ച്ച കണക്കുകളെയാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്
യുപിഎ ഊതിപ്പെരുപ്പിച്ചു, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നാലര ശതമാനം മാത്രം; വിമര്‍ശനവുമായി മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകത്ത് അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മുന്‍പന്തിയിലാണ്. എന്നാല്‍ അഭിമാനപൂര്‍വം ഉയര്‍ത്തിക്കാണിച്ചിരുന്ന സാമ്പത്തിക വളര്‍ച്ച കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണ് എന്ന വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. 2011 മുതല്‍ 2017 വരെയുളള സാമ്പത്തിക വളര്‍ച്ച കണക്കുകളെയാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ പ്രബദ്ധത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 2011-17 കാലഘട്ടത്തില്‍ ശരാശരി 7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് 4.5 ശതമാനം മാത്രമാണെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാണിക്കുന്നു.

2012ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ച കണക്കാക്കാന്‍ സ്വീകരിച്ച പുതിയ രീതിയാണ് ഊതിപ്പെരുപ്പിച്ച കണക്കുകള്‍ പുറത്തുവരാന്‍ ഇടയാക്കിയതെന്ന് സുബ്രഹ്മണ്യന്‍ പറയുന്നു. അതുവരെ വ്യാപ്തിയെ അടിസ്ഥാനമാക്കിയുളള volume based data ആണ് ഉപയോഗിച്ചിരുന്നത്.എന്നാല്‍ 2012മുതല്‍ സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നതിന് പുതിയ രീതിയായ ഫിനാന്‍ഷ്യല്‍ അക്കൗണ്ട്‌സ് ബേസ്ഡ് ഡേറ്റയെ ആശ്രയിച്ചു തുടങ്ങി. ഇതില്‍ ജിഡിപിയുടെ യഥാര്‍ത്ഥ വളര്‍ച്ച കണക്കുകള്‍ പ്രതിഫലിച്ചില്ലെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.

വിലയില്‍ ഉണ്ടാകുന്ന മാറ്റത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായിരുന്നു പുതിയ രീതി. ഇക്കാലയളവില്‍ അസംസ്‌കൃത എണ്ണ വില വളരെ താഴ്ന്ന നിലവാരത്തിലായിരുന്നു.  അസംസ്‌കൃത വസ്തുക്കളുടെ വില ഉപയോഗിച്ച് ഇവയുടെ മൂല്യം താഴ്ത്തുന്നതിന് പകരം, ഉല്‍പ്പനങ്ങളുടെ വില ഉപയോഗിച്ച് അസംസ്‌കൃത വസ്തുക്കളുടെ വില താഴ്ത്തുന്ന് രീതിയാണ് അവലംബിച്ചത്. ഇത് നിര്‍മ്മിതോല്‍പ്പനങ്ങളുടെ വളര്‍ച്ച ക്രമാതീതമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com