മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് വില കൂടും; ഏപ്രില്‍ മുതല്‍ 73,000 രൂപ വരെ ഉയരും 

വിവിധ വാഹനങ്ങള്‍ക്ക് 5000 മുതല്‍ 73000 രൂപ വരെ വില വര്‍ധിക്കും
മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് വില കൂടും; ഏപ്രില്‍ മുതല്‍ 73,000 രൂപ വരെ ഉയരും 

ന്യൂഡല്‍ഹി: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര, അവരുടെ വാഹനങ്ങളുടെ വില കൂട്ടുന്നു. ഏപ്രിലോടെ, യാത്രാവാഹനങ്ങളുടെയും വാണിജ്യവാഹനങ്ങളുടെയും വില വര്‍ധിപ്പിക്കാനാണ് തീരുമാനം. വിവിധ വാഹനങ്ങള്‍ക്ക് 5000 മുതല്‍ 73000 രൂപ വരെ വില വര്‍ധിക്കും. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് ഉയര്‍ന്നതാണ് വില വര്‍ധിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ വിലയില്‍ 0.5 ശതമാനം മുതല്‍ 2.7 ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയിലുടെ അറിയിച്ചു. ഈ വര്‍ഷം സാധനങ്ങളുടെ വില റെക്കോഡ് നിലവാരത്തില്‍ എത്തി. ഇതിന് പുറമേ വാഹനരംഗത്ത് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുന്ന ചില വ്യവസ്ഥകളും ചെലവ് വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഇതിനിടെ, വില വര്‍ധിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ മറ്റു വഴികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് മഹീന്ദ്ര പറയുന്നു.

ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. വിവിധ ശ്രേണിയില്‍പ്പെട്ട നിരവധി വാഹനങ്ങള്‍ കമ്പനി പുറത്തിറക്കുന്നുണ്ട്.എസ്‌യുവി എക്‌സ്‌യുവി 300, പ്രീമിയം എസ്‌യുവി ആള്‍ടുറസ് ജിഫോര്‍ എന്നിവയാണ് അടുത്തിടെ കമ്പനി പുറത്തിറക്കിയ പുതിയ മോഡലുകള്‍. ഇവയിലെല്ലാം വിലവര്‍ധന ബാധകമാകും. 

മഹീന്ദ്രയ്ക്ക് പുറമേ മറ്റൊരു പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റാ മോട്ടേഴ്‌സും യാത്രവാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ യാത്രാവാഹനങ്ങളുടെ വിലയില്‍ 25000 രൂപ വരെയാണ് വര്‍ധിക്കുക. സമാനകാലയളവില്‍ റെനോ അവരുടെ ജനപ്രിയ മോഡലായ ക്വിഡിന്റെ വിലയില്‍ 3 ശതമാനം വര്‍ധിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com