ഫേസ്ബുക്ക് പിരിച്ചു വിടണം; സ്വകാര്യതയ്ക്ക് ഭീഷണി, ജനാധിപത്യത്തെ വരെ നിയന്ത്രിക്കുന്നുവെന്ന് സഹസ്ഥാപകന്‍

വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ഫേസ്ബുക്ക് പോലൊരു പ്ലാറ്റ്‌ഫോം ഇനിയെങ്ങനെയാവും ഉപയോഗിക്കുകയെന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു
ഫേസ്ബുക്ക് പിരിച്ചു വിടണം; സ്വകാര്യതയ്ക്ക് ഭീഷണി, ജനാധിപത്യത്തെ വരെ നിയന്ത്രിക്കുന്നുവെന്ന് സഹസ്ഥാപകന്‍

ന്യൂയോര്‍ക്ക്‌: ഫേസ്ബുക്ക് ഒരു വലിയ കുത്തക കമ്പനിയായി തുടരുന്നതിന് പകരം ഇന്‍സ്റ്റഗ്രാമും  വാട്ട്സാപ്പും അതില്‍ നിന്ന് വേര്‍തിരിക്കണമെന്ന് സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്.  സ്വകാര്യതാ പ്രശ്‌നവും സമൂഹമാധ്യമ രംഗത്തെ കമ്പനിയുടെ കുത്തക സ്വഭാവവും കണക്കിലെടുത്താണ് മൂന്നായി പിരിയണമെന്ന
ആവശ്യം ക്രിസ് ഉന്നയിക്കുന്നത്. വാട്ട്‌സാപ്പിനെയും ഇന്‍സ്റ്റഗ്രാമിനെയും കൂടി ഏറ്റെടുത്ത് കഴിഞ്ഞതോടെയാണ് സ്വകാര്യത സംരക്ഷിക്കപ്പെടുമോയെന്ന ഭയം ഉടലെടുത്തതെന്നും അതിനാല്‍ മൂന്ന് പ്രത്യേക കമ്പനികളായി പിരിയണമെന്നും ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി
 
ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രചാരണം അതിഭീകരമായി നടക്കുന്നുണ്ടെന്നും വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ഫേസ്ബുക്ക് പോലൊരു പ്ലാറ്റ്‌ഫോം ഇനിയെങ്ങനെയാവും ഉപയോഗിക്കുകയെന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോള്‍ തന്നെ നിരവധി രാജ്യങ്ങളില്‍ നിന്നും ഫേസ്ബുക്കിനെതിരെ ഇക്കാര്യത്തില്‍ ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

യുഎസ് പോലൊരു രാജ്യത്തിന് ഫേസ്ബുക്കിനെ സംശയത്തോടെ മാത്രമേ കാണാനാവൂ. സക്കര്‍ബര്‍ഗിന്റെ അധികാരം കൈമാറ്റം ചെയ്യപ്പെടാതിരിക്കുന്നത് കൊണ്ടും അമേരിക്കന്‍ പൗരനല്ലാത്തതിനാലും അദ്ദേഹത്തിന്റെ ഉദ്ദേശം എത്ര തന്നെ നല്ലതാണെങ്കിലും പൂര്‍ണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നും ക്രിസ് വ്യക്തമാക്കി.

സാങ്കേതിക രംഗത്തെ ഭീമന്‍ കമ്പനികള്‍ക്ക് സമ്പദ് വ്യവസ്ഥയുടെയും സമൂഹത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെ വരെ മേല്‍ ശക്തമായ മേല്‍ക്കൈയുണ്ട്. കമ്പനിയുടെ ലാഭത്തിന് വേണ്ടി വ്യക്തികളുടെ സ്വകാര്യത ചോര്‍ത്തുകയും ചെറുകിട സംരംഭങ്ങളെ തകര്‍ക്കുകയും ചെയ്യാറുണ്ടെന്നും ക്രിസ് ആരോപിച്ചു. അതുകൊണ്ടാണ് വമ്പന്‍ കമ്പനികളെ തകര്‍ക്കണമെന്ന് ആവശ്യമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഓണ്‍ലൈന്‍ സ്ട്രാറ്റജിസ്റ്റായും ക്രിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് അനലിറ്റക്കയ്ക്ക് പിന്നാലെ തുടര്‍ച്ചയായി ഫേസ്ബുക്കിനെതിരെ വിവരം ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് ഫേസ്ബുക്ക് നിരോധിക്കുന്നതിനുള്ള ആവശ്യം വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തുന്നത്.

പക്ഷേ ക്രിസിന്റെ ആരോപണങ്ങളും കമ്പനി പിരിച്ചു വിടണമെന്ന ആവശ്യവും ഫേസ്ബുക്ക് തള്ളിയിട്ടുണ്ട്. കമ്പനിയുടെ വിശ്വാസ്യത കാരണമാണ് വിജയിച്ചത്. വളരെ വിജയകരമായി മുന്നോട്ട് പോകുന്ന കമ്പനിയോട് ബ്രേക്കപ്പിലേക്ക് നീങ്ങാന്‍ പറയുന്നത് ശരിയല്ലെന്നും ഫേസ്ബുക്ക് വക്താവ് നിക്ക് ക്ലെഗ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com