പെട്രോള്‍ വില കുതിക്കുന്നു, 25 ദിവസങ്ങള്‍ക്കിടെ കൂടിയത് രണ്ടുരൂപ; ഡീസലുമായുളള അന്തരം ഒന്‍പത് രൂപ

ഈ മാസം പന്ത്രണ്ടിന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപ 71 പൈസയായിരുന്നു
പെട്രോള്‍ വില കുതിക്കുന്നു, 25 ദിവസങ്ങള്‍ക്കിടെ കൂടിയത് രണ്ടുരൂപ; ഡീസലുമായുളള അന്തരം ഒന്‍പത് രൂപ

കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധന തുടരുന്നു. ഇന്ന് തിരുവനന്തപുരത്ത് 12 പൈസ ഉയര്‍ന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 കടന്നു. 78 രൂപ പത്ത് പൈസയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോള്‍ വില. ഇതോടെ,ഈ മാസം പെട്രോള്‍ വിലയില്‍ രണ്ടുരൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡീസല്‍ വിലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി കാര്യമായ മാറ്റമില്ല.

ഈ മാസം പന്ത്രണ്ടിന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപ 71 പൈസയായിരുന്നു. രണ്ടു ആഴ്ച കൊണ്ട് തന്നെ ഒന്നര രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മാസം പന്ത്രണ്ടിന് 75 രൂപ 37 പൈസയായിരുന്ന പെട്രോള്‍ വില 76 രൂപ 73 പൈസയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 10,9,15 പൈസ എന്നിങ്ങനെയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായ വര്‍ധന.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 74 രൂപ ആറു പൈസ ഉപഭോക്താവ് നല്‍കണം. പെട്രോളിന്റെ വിലയില്‍ ഉണ്ടാകുന്ന വര്‍ധന, ഡീസലുമായുളള അന്തരത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നവംബര്‍ ഒന്നിന് ഇരു ഇന്ധനങ്ങളും തമ്മിലുളള വിലവ്യത്യാസം ഏഴു രൂപയായിരുന്നു. ഇപ്പോള്‍ ഇത് ഒന്‍പത് രൂപയിലേക്ക് അടുക്കുകയാണെന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. 

അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധം തുടരുന്ന സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണ ഒക്ടോബറിന്റെ തുടക്കം മുതല്‍ ഉയരുകയാണ്. പരിമിതമായ വ്യാപാരത്തിലേക്കാണ് ഇരുരാജ്യവും നീങ്ങുന്നത്. ഇത് അസംസ്‌കൃത എണ്ണയില്‍ പ്രതിഫലിക്കുന്നതാണ് പെട്രോള്‍ വില ഉയരാന്‍ മുഖ്യകാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com