പ്രതിസന്ധി മറികടക്കാന്‍ മന്‍മോഹനെ മാതൃകയാക്കുക; നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് ബിജെപിയോട്

പ്രതിസന്ധി മറികടക്കാന്‍ മന്‍മോഹനെ മാതൃകയാക്കുക; നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് ബിജെപിയോട്
നിര്‍മല സീതാരാമന്‍ മന്‍മോഹനൊപ്പം (ഫയല്‍)
നിര്‍മല സീതാരാമന്‍ മന്‍മോഹനൊപ്പം (ഫയല്‍)

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വേണ്ടത്ര ഇച്ഛാശക്തി കാണിക്കുന്നില്ലെന്ന് പ്രമുഖ ധനകാര്യ വിദഗ്ധനും ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പി പ്രഭാകര്‍. നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതിനു പകരം നരസിംഹ റാവു-മന്‍മോഹന്‍ സിങ് കാലത്തെ സാമ്പത്തിക നയ മാതൃക പിന്തുടരുകയാണ് ബിജെപി ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രഭാകര്‍ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചത്.

സര്‍ക്കാര്‍ നിഷേധാത്മക നയം തുടരുമ്പോഴും പൊതുമണ്ഡലത്തില്‍ എത്തുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഓരോ രംഗവും അത്യധികം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്നാണ്. നെഹ്‌റുവിയന്‍ സാമൂഹ്യക്രമത്തിന്റെ നിഷേധം ജനസംഘം കാലം മുതല്‍ ഉള്ളതാണ്. കാപിറ്റലിസ്റ്റ്, ഫ്രീ മാര്‍ക്കറ്റ് ചട്ടക്കൂടാണ് ഒരുപരിധി വരെ ബിജെപിയുടെ ധനനയം. അതിനിയും പരീക്ഷിച്ചുവിജയിക്കാനിരിക്കുന്നതേയുള്ളൂ. എല്ലാറ്റിലും ഇതല്ല, ഇതല്ല എന്നു പറയുന്നതല്ലാതെ ഏതാണ് നയമെന്നു ബിജെപി വ്യക്തമാക്കിയിട്ടില്ല- പ്രഭാകര്‍ പറയുന്നു.

ബിജെപിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത് എത്തിച്ചതിലും പിന്നീട് അധികാരത്തില്‍ ഏറ്റിയതിലും സാമ്പത്തിക നയത്തിന് വലിയ പങ്കൊന്നുമില്ല. അതിന്റെ ജനപിന്തുണയില്‍ സാമ്പത്തിക നയം സ്വാധീനമായിട്ടില്ലെന്നു തന്നെ പറയാം. നെഹ്‌റുവിയന്‍ നയങ്ങളെ എതിര്‍ക്കുകയെന്നത് രാഷ്ട്രീയമായ എതിര്‍പ്പു മാത്രമാണ്, അതിനെ ഒരു സാമ്പത്തിക മാനത്തിലേക്ക് എത്തിക്കാന്‍ ബിജെപി ചിന്തകര്‍ക്കു കഴിഞ്ഞിട്ടില്ല. 

നരസിംഹ റാവു-മന്‍മോഹന്‍ കാലത്തെ നയങ്ങള്‍ മാതൃകയാക്കുകയാണ് ബിജെപി ഇപ്പോള്‍ ചെയ്യേണ്ടത്. അത് എത്രമാത്രം ഉള്‍ക്കൊള്ളുന്നുവോ അത്രയ്ക്ക് ഇപ്പോഴത്തെ മോശം സ്ഥിതിയില്‍നിന്നു പുറത്തുകടക്കാന്‍ സര്‍ക്കാരിനാവും- പ്രഭാകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com