ആര്‍ബിഐയുടെ ഇടപെടല്‍; ഭവന, വാഹന വായ്പാ പലിശ കുറയും

ആര്‍ബിഐയുടെ ഇടപെടല്‍; ഭവന, വാഹന വായ്പാ പലിശ കുറയും
ആര്‍ബിഐയുടെ ഇടപെടല്‍; ഭവന, വാഹന വായ്പാ പലിശ കുറയും

മുംബൈ: ഭവന, വാഹന വായ്പകളുടെയും വ്യക്തിഗത വായ്പകളുടെയും പലിശ നിരക്കു കുറയ്ക്കാന്‍ ആര്‍ബിഐ ഇടപെടല്‍. ഫ്‌ളോട്ടിങ് നിരക്കിലുള്ള വായ്പകളുടെ പലിശ നിരക്ക് അടിസ്ഥാന നിരക്കുകളുമായി ബന്ധിപ്പിക്കാനാണ് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

ഒക്ടോബര്‍ ഒന്നു മുതല്‍ നല്കുന്ന ഫ്‌ളോട്ടിങ് നിരക്കിലുള്ള വായ്പകള്‍ അടിസ്ഥാന നിരക്കുമായി ബന്ധിപ്പിക്കണം. ഇതോടെ അടിസ്ഥാന നിരക്കില്‍ വരുത്തുന്ന മാറ്റങ്ങള്‍ വായ്പാ പലിശയില്‍ പ്രത്യേകം അപേക്ഷ നല്‍കാതെ തന്നെ പ്രതിഫലിക്കും.

ഇതുവരെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) പ്രകാരമാണ് ബാങ്കുകള്‍ പലിശ നിശ്ചയിച്ചിരുന്നത്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കുറച്ചാലും ഈ രീതി അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് അതിന്റെ ആനൂകൂല്യം ലഭിച്ചിരുന്നില്ല. 

എസ്.ബി.ഐ., യൂണിയന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങി ഏതാനും ബാങ്കുകള്‍ ഇതിനകംതന്നെ പലിശനിരക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റിപ്പോ നിരക്ക് സ്വീകരിക്കുന്നില്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്‌സ് ഇന്ത്യ (എഫ്.ബി.ഐ.എല്‍.) യുടെ ആറുമാസത്തെ കേന്ദ്രസര്‍ക്കാര്‍ ട്രഷറി ബില്‍ നിരക്ക്, അല്ലെങ്കില്‍ എഫ്.ബി.ഐ.എല്‍. പ്രസിദ്ധീകരിക്കുന്ന മറ്റേതെങ്കിലും അടിസ്ഥാനനിരക്ക് എന്നിവയും ബാങ്കുകള്‍ക്ക് സ്വീകരിക്കാം. എന്നാല്‍, ഏതെങ്കിലും ഒരു മേഖലയിലെ വായ്പാനിരക്ക് നിശ്ചയിക്കാന്‍ ബാങ്കുകള്‍ വ്യത്യസ്ത അടിസ്ഥാനനിരക്കുകള്‍ സ്വീകരിക്കാന്‍ പാടില്ല.

ഭവന മേഖലയ്ക്ക് റിപ്പോ നിരക്കാണ് അടിസ്ഥാനമാക്കുന്നതെങ്കില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഇതു തന്നെയായിരിക്കും ബാധകം. സ്വീകരിക്കുന്ന അടിസ്ഥാനനിരക്കിനനുസരിച്ച് മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും പലിശനിരക്ക് പുനഃക്രമീകരിക്കുകയും വേണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com