അസംസ്‌കൃത എണ്ണ വില കുത്തനെ കൂടി ; വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി ; ഇന്ത്യയിലും വില ഉയരും ; ആശങ്ക

28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്
അസംസ്‌കൃത എണ്ണ വില കുത്തനെ കൂടി ; വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി ; ഇന്ത്യയിലും വില ഉയരും ; ആശങ്ക

ന്യൂഡല്‍ഹി : സൗദി അറേബ്യയിലെ ആരാംകോ എണ്ണശുദ്ധീകരണ ശാലയിലുണ്ടായ ഹൂതി വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില കുത്തനെ കൂടി. എണ്ണ ഉത്പാദനത്തിലുണ്ടായ കുറവാണ് വില വര്‍ധനവിന് കാരണം. അസംസ്‌കൃത എണ്ണയുടെ വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി. ബ്രെന്റ് ക്രൂഡിന്റെ വില 20 ശതമാനം വരെ വര്‍ധിച്ചു. 28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. വില ബാരലിന് 80 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന. 

മുമ്പ് ഇറാഖ്- കുവൈറ്റ് യുദ്ധ കാലത്തുമാത്രമാണ് എണ്ണ വിലയില്‍ ഇത്രയേറെ വര്‍ധനവുണ്ടായത്. വരും ദിവസങ്ങളിലും എണ്ണ വില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയില്‍ എണ്ണ ഉത്പാദനം പൂര്‍വസ്ഥിതിയിലാകാന്‍ ആഴ്ചകള്‍ എടുത്തേക്കുമെന്നാണ് സൂചനകള്‍. സൗദി അറേബ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ എണ്ണ വിലയിലെ വന്‍ വര്‍ധന ഇന്ത്യന്‍ വിപണിയിലും കാര്യമായി പ്രതിഫലിക്കും. 

അമേരിക്കന്‍ ശാസനയെ തുടര്‍ന്ന് ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ച ഇന്ത്യ സൗദിയില്‍നിന്നുള്ള എണ്ണയെ ആശ്രയിച്ചാണ്  ഇന്ധന ആവശ്യകത നിലനിര്‍ത്തുന്നത്. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഒരു ഡോളര്‍ കൂടിയാല്‍ ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ 10,700 കോടി രൂപ വര്‍ധിക്കും. നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന് വിപണിയില്‍ ബാരലിന് 60.04 ഡോളറാണ് വില. സൗദി പ്രതിസന്ധിയോടെ ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍  60,000 കോടിയോളം രൂപയുടെ വര്‍ധനയുണ്ടാകും.

പ്രതിദിനം ആറു ലക്ഷത്തോളം ബാരല്‍ ക്രൂഡോയിലാണ് ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഇരുരാജ്യത്തിനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്ക് ഏറെ പ്രയോജനകരമായ എണ്ണ ഇറക്കുമതി നിര്‍ത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഇന്ത്യക്ക് സൗദി, യുഎസ് തുടങ്ങിയ രാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വന്നു.പ്രതിദിനം രണ്ടുലക്ഷം ബാരല്‍ എണ്ണയാണ് ആരാംകോയില്‍നിന്നു മാത്രം ഇന്ത്യക്ക് അധികമായി ലഭിച്ചിരുന്നത്. ആരാംകോ ഉല്‍പ്പാദനം നിര്‍ത്തിയതോടെ ഈ സ്രോതസ്സ് നിലയ്ക്കും. എണ്ണയുല്‍പ്പാദനം പഴയതോതില്‍ പുനഃസ്ഥാപിക്കുന്നതുവരെ ഇന്ത്യയുടെ പ്രതിസന്ധി തുടരുമെന്നാണ് സൂചന.

സൗദിയിലെ ദേശീയ എണ്ണകമ്പനിയായ ആരാംകോയുടെ അര്‍കുക്കിലെയും ഖുറൈസിലെയും കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഹൂതി വിമതര്‍ ആക്രമണം നടത്തിയത്. അതിനിടെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. എന്നാല്‍ യു എസ് ആരോപണം ഇറാന്‍ തള്ളി. അമേരിക്ക പരമാവധി നുണ പരത്തുകയാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. എണ്ണ ശുദ്ധീകരണ-സംഭരണശാലകള്‍ക്കു നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദിയുടെ എണ്ണയുല്‍പ്പാദനം പകുതിയാക്കി കുറച്ചിരിക്കുകയാണ്. 57 ലക്ഷം വീപ്പ എണ്ണയുല്‍പ്പാദനം നിര്‍ത്തിവച്ചതായി സൗദി സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com