ജി-മെയില്‍ തകരാറില്‍, വ്യാപക പരാതി; ഉടന്‍ അപ്‌ഡേറ്റ് നിര്‍ദേശം വരുമെന്ന് അറിയിപ്പ്

ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്യൂമെന്റ്‌സ്, ഗൂഗിള്‍ മീറ്റ് എന്നിവയിലും തകരാര്‍ കണ്ടെത്തിയതായി ഗൂഗിള്‍ സര്‍വീസുകളുടെ പ്രകടനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുന്ന ജി- സ്യൂട്ട് സ്റ്റാറ്റസ് ഡാഷ്‌ബോര്‍ഡ്
ജി-മെയില്‍ തകരാറില്‍, വ്യാപക പരാതി; ഉടന്‍ അപ്‌ഡേറ്റ് നിര്‍ദേശം വരുമെന്ന് അറിയിപ്പ്

ന്യൂഡല്‍ഹി: ജി-മെയിലിന് പുറമേ മറ്റു ഗൂഗിള്‍ സര്‍വീസുകള്‍ക്കും തകരാര്‍.  ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്യൂമെന്റ്‌സ്, ഗൂഗിള്‍ മീറ്റ് എന്നിവയിലും തകരാര്‍ കണ്ടെത്തിയതായി ഗൂഗിള്‍ സര്‍വീസുകളുടെ പ്രകടനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുന്ന ജി- സ്യൂട്ട് സ്റ്റാറ്റസ് ഡാഷ്‌ബോര്‍ഡ് അറിയിച്ചു. ഗൂഗിള്‍ സര്‍വീസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഉടന്‍ തന്നെ അപ്‌ഡേറ്റിനുളള നിര്‍ദേശം കമ്പനി നല്‍കുമെന്നും ഡാഷ്‌ബോര്‍ഡ് അറിയിച്ചു.

ഇന്ന് രാവിലെ മുതലാണ് ജി-മെയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നത്. ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല, ഒന്നും അറ്റാച്ച് ചെയ്യാന്‍ കഴിയുന്നില്ല എന്നിങ്ങനെയാണ് പരാതികള്‍. എന്നാല്‍ ഇതിനുളള കാരണം എന്താണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തകരാറിനെ കുറിച്ച്് അന്വേഷിച്ച് വരികയാണെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഉച്ചയ്ക്ക്  ശേഷവും ഈ വിശദീകരണം തന്നെയാണ്  ഔദ്യോഗികമായി പുറത്തുവന്നത്.

ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്ന്  ജി- സ്യൂട്ട് സ്റ്റാറ്റസ് ഡാഷ്‌ബോര്‍ഡ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുളള നിര്‍ദേശം കമ്പനി കൈമാറുമെന്നും ഡാഷ്‌ബോര്‍ഡ് വ്യക്തമാക്കി. ഇ-മെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്ത് അയക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. സാധാരണ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും പതിവില്‍ കൂടുതല്‍ സമയം അതിന് വേണ്ടിവരുന്നു. ചിലര്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങളും അയക്കാന്‍ സാധിക്കുന്നില്ല. ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ സമയം ഏറെ എടുക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയായാല്‍ തന്നെ തകരാറുള്ളതായി സന്ദേശം വരികയാണെന്നും ഉപയോക്താക്കള്‍ പറയുന്നു.ഇതിന് പുറമേ ഗൂഗിള്‍ ഡ്രൈവില്‍ ഫയലുകള്‍ രൂപീകരിക്കുന്നതിനും ഗൂഗിള്‍ ചാറ്റില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിനും തടസ്സങ്ങളും നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനുളള ശ്രമത്തിലാണ് കമ്പനി.

അതേസമയം എത്രപേരെ ഇത് ബാധിച്ചു എന്നും ഏതെല്ലാം ലോക്കേഷനുകളിലാണ് പ്രശ്‌നം എന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ട്വിറ്ററിലൂടെയും ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റിലൂടെയും നിരവധി ഉപയോക്താക്കളാണ് ജി-മെയിലില്‍ തകരാര്‍ നേരിടുന്നതായി പരാതി അറിയിച്ചത്. രണ്ട് മണിക്കൂര്‍ നേരം കാത്തിരുന്നിട്ടും അറ്റാച്ച് ചെയ്ത ഫയലുകള്‍ സെന്‍ഡ് ആവുന്നില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു. ആഗോളതലത്തില്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം ജോലികള്‍ വ്യാപകമായതിനാല്‍ ഇമെയില്‍ വഴി ഫയലുകള്‍ കൈമാറാന്‍ സാധിക്കാത്തത് ഉപയോക്താക്കള്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com