കര്‍ഷക സമരത്തില്‍ പ്രതിദിന നഷ്ടം 3500 കോടി; അടിയന്തരമായി ഒത്തുതീര്‍പ്പ് ഉണ്ടാവണമെന്ന് അസോചം

കര്‍ഷക സമരത്തില്‍ പ്രതിദിന നഷ്ടം 3500 കോടി; അടിയന്തരമായി ഒത്തുതീര്‍പ്പ് ഉണ്ടാവണമെന്ന് അസോചം
ഘാസിപ്പുര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകന്‍ വണ്ടിക്കുള്ളില്‍ വിശ്രമിക്കുന്നു/പിടിഐ
ഘാസിപ്പുര്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകന്‍ വണ്ടിക്കുള്ളില്‍ വിശ്രമിക്കുന്നു/പിടിഐ

ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം മൂലം സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിദിനം മൂവായിരം മുതല്‍ 3500 കോടിയുടെ വരെ നഷ്ടമുണ്ടാവുന്നുണ്ടെന്ന് വ്യവസായികളുടെ സംഘടനയായ അസോചം. സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമുണ്ടാക്കുന്ന സമരത്തിന് എത്രയും വേഗം പരിഹാരം കാണാന്‍ സര്‍ക്കാരിനോടും കര്‍ഷകരോടും അസോചം അഭ്യര്‍ഥിച്ചു. 

പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സമ്പദ് വ്യവസ്ഥകള്‍ പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് അസോചം ചൂണ്ടിക്കാട്ടി. കൃഷിക്കൊപ്പം ഭക്ഷ്യ സംസ്‌കരണം, ടെക്‌സ്റ്റൈല്‍, ഓട്ടോമൊബൈല്‍, ഫാം മെഷിനറി, ഐടി തുടങ്ങിയ രംഗങ്ങളെയും സമരം ബാധിച്ചിട്ടുണ്ട്. 

ടൂറിസം, ട്രെയ്ഡിങ്, ട്രാന്‍സ്‌പോര്‍ട്ട്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളും ഈ പ്രദേശങ്ങളുടെ സമ്പദ് വ്യവസ്ഥ താങ്ങിനിര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. അവയെ എല്ലാം സമരം ബാധിച്ചിട്ടുണ്ടെന്ന് അസോചം പറഞ്ഞു. 

''പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മ കശ്മീര്‍ എന്നിവയുടെ മൊത്തം സമ്പദ് വ്യവസ്ഥ പതിനെട്ടു ലക്ഷം കോടി വരും. കര്‍ഷകരുടെ സമരവും റോഡ്, റെയില്‍ ഉപരോധവും മൂലം ഈ മേഖലയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിരിക്കുകയാണ്. ക്രിസ്മസിനു മുന്നോടിയായി നേരത്തെ നിശ്ചയിച്ച ഓര്‍ഡറുകള്‍ നല്‍കാനാവാതെ ഉത്പന്ന രംഗം പ്രയാസപ്പെടുകയാണ്. ഇത് ആഗോള രംഗത്ത് ഇന്ത്യന്‍ കമ്പനികളുടെ പ്രതിച്ഛായയെ ബാധിക്കും- അസോചം പ്രസിഡന്റ് നിരഞ്ജന്‍ ഹിരനന്ദാനി പറഞ്ഞു. 

കര്‍ഷകരുടെ സമരം വിതരണ ശൃംഖലയെ താറുമാറാക്കിയതായി അസോചം സെക്രട്ടറി ജനറല്‍ ദീപക് സൂദ് അഭിപ്രായപ്പെട്ടു. ഇത് വിലയെ ബാധിക്കുന്നുണ്ടെന്നും സൂദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com