നികുതി വെട്ടിപ്പു തടയാന്‍ നടപടി; ജിഎസ്ടി പണമായി നല്‍കണം, കേന്ദ്ര ഉത്തരവ്‌

പ്രതിമാസം 50 ലക്ഷം രൂപയിലധികം വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ കുറഞ്ഞപക്ഷം ജിഎസ്ടി ബാധ്യതയുടെ ഒരു ശതമാനം നിര്‍ബന്ധമായും പണമായി അടയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രതിമാസം 50 ലക്ഷം രൂപയിലധികം വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ കുറഞ്ഞപക്ഷം ജിഎസ്ടി ബാധ്യതയുടെ ഒരു ശതമാനമെങ്കിലും നിര്‍ബന്ധമായും പണമായി നല്‍കണമെന്ന്‌ കേന്ദ്രസര്‍ക്കാര്‍. വ്യാജ ബില്ല് കാണിച്ച് നികുതി വെട്ടിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

വെട്ടിപ്പ് തടയുന്നതിനായി ജിഎസ്ടി നിയമത്തില്‍ 86ബി എന്ന വകുപ്പ് പരോക്ഷനികുതി വകുപ്പ് ചേര്‍ത്തിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ സ്ഥാപനങ്ങളുടെ നികുതി ഭാരം കുറയ്ക്കുന്നതിന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിഎസ്ടി ബാധ്യത 99 ശതമാനവും നിര്‍വഹിക്കുന്നതിന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വകുപ്പ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നിയമത്തില്‍ ചേര്‍ത്തത്. 

99 ശതമാനം നികുതി ബാധ്യതയുടെ മുകളിലാണ് ഔട്ട്പുട്ട് ടാക്‌സ് ബാധ്യതയെങ്കില്‍ ബന്ധപ്പെട്ട വ്യക്തി ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജറില്‍ ലഭ്യമായ തുക ഉപയോഗിക്കരുത്. പ്രതിമാസ വിറ്റുവരവ് 50 ലക്ഷത്തിന് മുകളിലുള്ളവര്‍ക്കാണ് ഇത് ബാധകമാകുകയെന്നും പരോക്ഷ നികുതി വകുപ്പ് അറിയിച്ചു.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഔട്ട്പുട്ട് ടാക്‌സ് ബാധ്യതയുടെ 99 ശതമാനത്തിന് മുകളില്‍ വരുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം. ജിഎസ്ടിയിലെ 89ബി ഉപയോഗിച്ച് ഒരു നിയന്ത്രണവുമില്ലാതെ വ്യാപാരികള്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പ്രയോജനപ്പെടുത്തുന്നത് സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com