എണ്ണ വില കൂപ്പുകുത്തി, 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്, 30 ശതമാനം; കേരളത്തില്‍ രണ്ടാഴ്ചക്കിടെ ഒന്നരരൂപയുടെ കുറവ് 

ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിയുന്നു.
എണ്ണ വില കൂപ്പുകുത്തി, 29 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്, 30 ശതമാനം; കേരളത്തില്‍ രണ്ടാഴ്ചക്കിടെ ഒന്നരരൂപയുടെ കുറവ് 

ന്യൂഡല്‍ഹി: ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിയുന്നു. ആവശ്യകത കുറഞ്ഞത് കണക്കിലെടുത്ത് റഷ്യയുമായി നിരക്ക് യുദ്ധത്തിന് തയ്യാറെടുത്ത് വില്‍പ്പന വില കുറച്ച സൗദി അറേബ്യയുടെ നടപടിയാണ് വില ക്രമാതീതമായി താഴാന്‍ ഇടയാക്കിയത്. ഇതിന് പുറമേ വിപണിയില്‍ അസംസ്‌കൃത എണ്ണ കൂടുതല്‍ ലഭ്യമാക്കാനുളള സൗദിയുടെ ശ്രമവും വിലയില്‍ പ്രതിഫലിച്ചു. 29 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 30 ശതമാനം ഇടിവാണ് അസംസ്‌കൃത എണ്ണയില്‍ ഉണ്ടായത്. 

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 32 ഡോളറായി. ഏകദേശം 13 ഡോളറിന്റെ കുറവാണ് ഒറ്റയടിക്ക് ഉണ്ടായത്. ഇനിയും വില ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. 1991ന് ശേഷമുളള ഏറ്റവും വലിയ ഇടിവാണിതെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 

ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയിലും ഇന്ധനവില കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 72.73 രൂപയായി. ഏകദേശം 24 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡീസല്‍ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 26 പൈസയുടെ ഇടിവോടെ ഒരു ലിറ്റര്‍ ഡീസലിന്റെ വില 66.92 രൂപയായി. കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് 85 പൈസയുടെ ഇടിവാണ് പെട്രോളില്‍ ഉണ്ടായത്. ഡീസലില്‍ 80 പൈസയുടെയും കുറവ് രേഖപ്പെടുത്തി. രണ്ടാഴ്ചത്തെ വില പരിശോധിച്ചാല്‍ ഏകദേശം പെട്രാളിലും ഡീസലിലും ഒന്നരരൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 74, 68 രൂപ എന്നിങ്ങനെയാണ് വില. കോഴിക്കോട് യഥാക്രമം 73, 67 രൂപ നല്‍കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com