കൊറോണ ചതിച്ചു, ഒറ്റയടിക്ക് അംബാനിക്ക് നഷ്ടമായത് കോടികള്‍ മാത്രമല്ല ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ പദവിയും, ആവിയായത് 42,852 കോടി; ജാക്ക് മാ ഒന്നാമത്

കൊറോണ ഭീതിയില്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞപ്പോള്‍ എണ്ണ സംസ്‌കരണരംഗത്തെ പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമയായ മുകേഷ് അംബാനിക്ക് കനത്ത തിരിച്ചടി
കൊറോണ ചതിച്ചു, ഒറ്റയടിക്ക് അംബാനിക്ക് നഷ്ടമായത് കോടികള്‍ മാത്രമല്ല ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ പദവിയും, ആവിയായത് 42,852 കോടി; ജാക്ക് മാ ഒന്നാമത്

ന്യൂഡല്‍ഹി: കൊറോണ ഭീതിയില്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞപ്പോള്‍ എണ്ണ സംസ്‌കരണരംഗത്തെ പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമയായ മുകേഷ് അംബാനിക്ക് കനത്ത തിരിച്ചടി. ഏഷ്യയിലെ  ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവിക്ക് പുറമേ 42,852 കോടി രൂപയുമാണ് ഒറ്റദിവസം കൊണ്ട് മുകേഷ് അംബാനിക്ക് നഷ്ടമായത്. ആലിബാബ ഗ്രൂപ്പിന്റെ ഉടമയായ ജാക്ക് മായാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ജാക്ക് മായുടെ സമ്പാദ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 260 കോടി ഡോളറിന്റെ കുറവാണ് മുകേഷ് അംബാനിക്ക് ഉളളത്.

എണ്ണ കമ്പനികള്‍ തകര്‍ന്നടിഞ്ഞ തിങ്കളാഴ്ച അംബാനിക്ക് ഓഹരി വിപണിയില്‍ നഷ്ടപ്പെട്ടത് 580 കോടി ഡോളറാണ് (ഏകദേശം 42,899 കോടി). കൊറോണ വൈറസിനെ തുടര്‍ന്ന് ആഗോള ഓഹരികളോടൊപ്പം എണ്ണവിലയും ഇടിഞ്ഞതിനെ തുടര്‍ന്നാണ് മുകേഷ് അംബാനി ഏഷ്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ആലിബാബ മേധാവി ജാക്ക് മാ ഒന്നാമത് എത്തിയതും. 44.5 ബില്യണ്‍ ഡോളറാണ് മായുടെ ആസ്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ തിങ്കളാഴ്ച 12 ശതമാനമാണ് ഇടിഞ്ഞത്. 2009 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

കൊറോണ വൈറസിന്റെ വ്യാപനം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് അംബാനിയുടെ ആസ്തിയില്‍ നിന്ന് 580 കോടി ഡോളര്‍ നഷ്ടപ്പെട്ടത്. കൊറോണ വൈറസ് ഭീതി കാരണം കൂടുതല്‍ എണ്ണ പമ്പ് ചെയ്യാമെന്ന് സൗദി അറേബ്യയും റഷ്യയും അറിയിച്ചതോടെയാണ് 29 വര്‍ഷത്തിനിടെ ഇന്ധനവില ഏറ്റവും താഴോട്ട് പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com