1500 രൂപ വരെ വില കൂടും, ടെലിവിഷനുകള്‍ക്ക് കുത്തനെ വില ഉയരുമെന്ന് റിപ്പോര്‍ട്ട് 

ഒക്ടോബര്‍ മാസത്തോടെ ടെലിവിഷനുകള്‍ക്ക് വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്
1500 രൂപ വരെ വില കൂടും, ടെലിവിഷനുകള്‍ക്ക് കുത്തനെ വില ഉയരുമെന്ന് റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: ഒക്ടോബര്‍ മാസത്തോടെ ടെലിവിഷനുകള്‍ക്ക് വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പാനലുകളുടെ ഇറക്കുമതി തീരുവയില്‍ നല്‍കിയിരുന്ന ഇളവ് ഈ മാസം അവസാനിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അടുത്ത മാസം മുതല്‍ ടെലിവിഷന്റെ വില വര്‍ധിക്കുമെന്നാണ് മേഖലയിലുളളവര്‍ പറയുന്നത്.

ടിവി പാനലുകള്‍ക്ക് 5 ശതമാനം ഇറക്കുമതി തീരുവ ഇളവാണ് പ്രഖ്യാപിച്ചിരുന്നത്. ഇളവ് തുടര്‍ന്നില്ലെങ്കില്‍ വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി അടക്കമുള്ള കമ്പനികള്‍ നിരീക്ഷിക്കുന്നത്.വലിയ സ്‌ക്രീനുകളുള്ള ടെലിവിഷനുകള്‍ക്കാണ്  വിലക്കയറ്റം രൂക്ഷമാവുക. 32 ഇഞ്ച് ടെലിവിഷനുകള്‍ക്ക് 600 രൂപ മുതലും 42 ഇഞ്ച്  ടെലിവിഷനുകള്‍ക്ക് 1200 മുതല്‍ 1500 രൂപ വരെയും വില  ഉയര്‍ന്നേക്കാമെന്നാണ് നിരീക്ഷണം. തീരുവയിളവ് പിന്‍വലിച്ചാല്‍ വിലക്കയറ്റമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്.

ദീപാവലി പോലെയുള്ള ഉത്സവ സീസണുകളില്‍ വിലക്കുറവില്‍ ടെലിവിഷന്‍ വാങ്ങാമെന്ന ധാരണയിലിരിക്കുന്നവരെയാവും ഈ വിലക്കയറ്റം സാരമായി ബാധിക്കുക. രാജ്യത്ത് ടെലിവിഷന്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടര്‍ന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ധനമന്ത്രാലയമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. കോവിഡ് വ്യാപനം മൂലം പാനലുകളുടെ ഉല്‍പ്പാദനം കുറഞ്ഞതും നിരക്ക് വര്‍ധനയ്ക്ക് കാരണമായതായും മേഖലയിലുളളവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com