കാര്‍ വാങ്ങുന്നവര്‍ക്ക് ഒന്നരലക്ഷം വരെ സഹായം, പലിശ എഴുതിത്തളളും, റോഡ് ടാക്‌സും രജിസ്‌ട്രേഷന്‍ ഫീസും ഇല്ല; ഇലക്ട്രിക് വാഹന നയം പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍

പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള ഇലക്ട്രിക് വാഹന നയം ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കി.
കാര്‍ വാങ്ങുന്നവര്‍ക്ക് ഒന്നരലക്ഷം വരെ സഹായം, പലിശ എഴുതിത്തളളും, റോഡ് ടാക്‌സും രജിസ്‌ട്രേഷന്‍ ഫീസും ഇല്ല; ഇലക്ട്രിക് വാഹന നയം പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള ഇലക്ട്രിക് വാഹന നയം ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കി. ഇലക്ട്രിക് വാഹനം വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ആകര്‍ഷണീയമായ ഇളവുകളാണ് നയത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഡല്‍ഹി സമ്പദ് വ്യവസ്ഥയെ രക്ഷിക്കുക, വായുമലിനീകരണം കുറയ്ക്കുക എന്നി ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് നയത്തിന് രൂപം നല്‍കിയതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും എന്നതാണ് നയത്തിലെ ഏറ്റവും ആകര്‍ഷണീയമായ ഭാഗം. ഇരുചക്രവാഹനങ്ങള്‍, ഓട്ടോ റിക്ഷ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് 30,000 രൂപ വരെ പ്രോത്സാഹന സഹായമായി നല്‍കും. കാറിന് ഇത് ഒന്നരലക്ഷമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായത്തിന് പുറമേയാണിതെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുളള വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാവുന്നവര്‍ക്കും പ്രോത്സാഹന സഹായമായി തുക അനുവദിക്കും. ഇവര്‍ക്ക് ഇലക്ട്രിക് വാഹനം വാങ്ങുന്നതിനുളള സഹായമാണ് നല്‍കുക. വാണിജ്യാവശ്യങ്ങള്‍ക്കായി വായ്പ എടുത്ത് വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പലിശ എഴുതി തളളും. കൂടാതെ രജിസ്‌ട്രേഷന്‍ ഫീസ്, റോഡ് ടാക്‌സ് എന്നിവയും ഒഴിവാക്കി നല്‍കുമെന്നും അരവിന്ദ് കെജരിവാള്‍ പറയുന്നു.

3 വര്‍ഷത്തേയ്ക്കാണ് ഇലക്ട്രിക് വാഹന നയം. തുടര്‍ന്ന് കാലാകാലങ്ങളില്‍ നയം പുനഃപരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യവും നയത്തിന്റെ പിന്നിലുണ്ട്. ചെലവുകള്‍ വഹിക്കുന്നതിന് ഇലക്ട്രിക് വാഹന ഫണ്ടിനും രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com