ഇറാന്റെ വ്യോമാക്രമണത്തിന് പിന്നാലെ ക്രൂഡോയില്‍ വിലയില്‍ കുതിപ്പ്‌; ഇന്ത്യയിലും ഇന്ധന വില വര്‍ധിച്ചു

സ്വര്‍ണത്തിന്റേയും, ജാപ്പനിസ് യെന്നിന്റേയും വിലയും അമേരിക്കയ്‌ക്കെതിരായ ഇറാന്റെ ആക്രമണത്തോടെ വര്‍ധിച്ചു
ഇറാന്റെ വ്യോമാക്രമണത്തിന് പിന്നാലെ ക്രൂഡോയില്‍ വിലയില്‍ കുതിപ്പ്‌; ഇന്ത്യയിലും ഇന്ധന വില വര്‍ധിച്ചു

ടെഹ്‌റാന്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുതിപ്പ്. 4.5 ശതമാനം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

ഇറാന്‍ സൈനിക വ്യൂഹത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയ കഴിഞ്ഞ വെള്ളിയാഴ്ചയും എണ്ണവില വന്‍തോതില്‍ വര്‍ധിച്ചിരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ വിലവര്‍ധന കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്. 

സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കൊച്ചിയില്‍ പെട്രോളിന് അഞ്ച് പൈസ കൂടി ലിറ്ററിന് 77.76 ആയി. ഡീസലിന് 12 പൈസ കൂടി 77.76 ആയി. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവിലയിലെ വര്‍ധനവിന് ഇടയാക്കുന്നു. ഡോളറിനെതിരായ രൂപയുടെ മൂല്യം 72.21 ആയി ഇടിഞ്ഞു. 

സ്വര്‍ണത്തിന്റേയും, ജാപ്പനിസ് യെന്നിന്റേയും വിലയും അമേരിക്കയ്‌ക്കെതിരായ ഇറാന്റെ ആക്രമണത്തോടെ വര്‍ധിച്ചു. ആഗോള ഓഹരി വിപണികളിലും ഇറാന്റെ ആക്രമണത്തിന്റെ പ്രതിഫലനം വ്യക്തമാണ്. ഇറാഖിലെ അമേരിക്കയുടെ അല്‍ അസദിലേയും ഇര്‍ബിലിലേയും സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരേസമയമായിരുന്നു ഇറാന്റെ വ്യോമാക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com