ആമസോണിനും ഫ്ളിപ്പ്കാര്‍ട്ടിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍

രാജ്യത്തെ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ കീഴിലുളള ഫ്ളിപ്പ്കാര്‍ട്ട് എന്നിവയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
ആമസോണിനും ഫ്ളിപ്പ്കാര്‍ട്ടിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ കീഴിലുളള ഫ്ളിപ്പ്കാര്‍ട്ട് എന്നിവയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. വ്യാപാരരംഗത്ത് ആരോഗ്യപരമായ മത്സരം ഉറപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ മത്സരവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

ചില വില്‍പ്പനക്കാരെ മാത്രം സഹായിക്കുന്ന നിലപാട് ഇരുകമ്പനികളും സ്വീകരിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് ചെറുകിട വില്‍പ്പനക്കാരുടെ താത്പര്യങ്ങള്‍ക്ക് എതിരാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടത്.

എല്ലാ നിയമങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് ഫ്ളിപ്പ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റ് രാജ്‌നീഷ് കുമാര്‍ പറഞ്ഞു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. കമ്പനിക്ക് എതിരെയുളള ആരോപണങ്ങള്‍ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിച്ചു എന്നതാണ് ആമസോണിന്റെ പ്രതികരണം. വിഷയത്തില്‍ കോമ്പറ്റീഷന്‍ കമ്മീഷനുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.

ഡല്‍ഹി വ്യാപാര്‍ മഹാസംഘാണ് ഇരുകമ്പനികള്‍ക്കുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിച്ചത്. ചെറുകിട, ഇടത്തരം ബിസിനസ്സ് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്. കമ്പനികള്‍ക്കെതിരെ നാല് ആരോപണങ്ങളാണ് സംഘടന ഉന്നയിച്ചത്.

ആമസോണും ഫ്ളിപ്പുകാര്‍ട്ടും തെരഞ്ഞെടുത്ത വില്‍പ്പനക്കാരില്‍ പലതും കമ്പനികളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുളളതാണ്. കമ്പനികള്‍ തന്നെയാണ് ഇവയെ നിയന്ത്രിക്കുന്നത്. ഇവര്‍ക്ക് കൂടുതല്‍ ഡിസ്‌ക്കൗണ്ടുകളും മുന്‍ഗണനകളും മറ്റും നല്‍കി അന്യായമായി വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നു. ചുരുക്കം ചില വില്‍പ്പനക്കാരെ മാത്രം സഹായിക്കുന്ന നിലപാട്, ബിസിനസ് അന്തരീക്ഷം വഷളാവാന്‍ ഇടയാക്കുന്നതായും ഡല്‍ഹി വ്യാപാര്‍ മഹാസംഘിന്റെ പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com