മരുന്ന് കോവിഡ് മാറ്റുമെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി പതഞ്ജലി

മരുന്ന് കോവിഡ് മാറ്റുമെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി പതഞ്ജലി
മരുന്ന് കോവിഡ് മാറ്റുമെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി പതഞ്ജലി

ന്യൂഡല്‍ഹി: കോവിഡിന് മരുന്നു കണ്ടു പിടിച്ചെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ. കൊറോണില്‍ മരുന്ന് കൊറോണ ചികിത്സയ്ക്കാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ബാലകൃഷ്ണ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

കൊറോണില്‍ ക്ലിനിക്കല്‍ നിയന്ത്രിത പരീക്ഷണത്തിന് ഉപയോഗിച്ചിട്ടുണ്ട്. അതുവഴി കൊറോണ രോഗികളെ സുഖപ്പെടുത്തിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്ന് ബാലകൃഷ്ണ പറഞ്ഞു. കോവിഡ് ചികിത്സയ്‌ക്കെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.

ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി പുറത്തിറക്കിയ മരുന്നിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നിന്റെ ചേരുവകള്‍, ഗവേഷണ വിവരങ്ങള്‍ എന്നിവ നല്‍കാനാണ് ആയുഷ് വകുപ്പിന്റെ നിര്‍ദേശം. അതുവരെ കോവിഡ് മരുന്ന് എന്ന തരത്തില്‍ പരസ്യം നല്‍കരുതെന്നും പതഞ്ജലിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കോവിഡ് ചികിത്സയ്ക്കു ഫലപ്രദം എന്ന് അവകാശപ്പെട്ട് കൊറോണില്‍ ടാബ്ലറ്റ്, സ്വാസാരി വടി എന്നിവയാണ് പതഞ്ജലി വിപണിയില്‍ ഇറക്കിയത്. ഇവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാത്രമല്ല, കോവിഡ് മാറ്റാന്‍ ഫലപ്രദമാണെന്നും ഹരിദ്വാറില്‍ നടത്തിയ ചടങ്ങില്‍ പതഞ്ജലി അവകാശപ്പെട്ടിരുന്നു.

അതിനിടെ പതഞ്ജലിയുടെ മരുന്നു വില്‍ക്കുന്നത് ചില സംസ്ഥാനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com