വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക് ; അടുത്ത മാസം മുതല്‍ തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂടും

മാര്‍ച്ച് 20 വരെ ജനങ്ങള്‍ക്ക് janita@irda.gov.in എന്ന വെബ്‌സൈറ്റില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി :അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക ഉയരും. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. പ്രീമിയത്തിന്റെ കരടുനിര്‍ദേശമാണ് പുറപ്പെടുവിച്ചത്. 

മാര്‍ച്ച് 20 വരെ ജനങ്ങള്‍ക്ക് janita@irda.gov.in എന്ന വെബ്‌സൈറ്റില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. ഇതൂകൂടി പരിഗണിച്ച് ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും. വൈദ്യുതവാഹനങ്ങളുടെ പ്രീമിയത്തില്‍ 15 ശതമാനം കുറവുവരുത്തും. ഓട്ടോറിക്ഷകളുടെ നിരക്കും ഉയര്‍ത്തിയിട്ടില്ല.

ഓരോ വിഭാഗത്തിലെയും വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടിവന്ന നഷ്ടപരിഹാരവും പരിഗണിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ഇതിനായി 2011-12 മുതല്‍ 2018-19 വരെയുള്ള ക്ലെയിമുകളാണ് പരിഗണിച്ചത്.

പുതിയ സ്വകാര്യകാറുകള്‍ക്ക് മൂന്നുവര്‍ഷത്തേക്കും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കുമുള്ള തേര്‍ഡ് പാര്‍ട്ടി പ്രീമിയം മുന്‍കൂര്‍ അടയ്ക്കണം. നിലവിലുള്ളത് പുതുക്കുമ്പോള്‍ ഓരോ വര്‍ഷത്തേക്കുള്ള തുക അടച്ചാല്‍ മതിയാകും. 1500 സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള സ്വകാര്യ കാറുകളുടെ പ്രീമിയം വര്‍ധിപ്പിച്ചിട്ടില്ല. മറ്റുവിഭാഗങ്ങളില്‍ അഞ്ചു ശതമാനത്തോളം വര്‍ധനയാണ് ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com