വിലയുടെ 69% സര്‍ക്കാരിന്; പെട്രോളിനും ഡീസലിനും ലോകത്തു തന്നെ ഉയര്‍ന്ന നികുതി ഇന്ത്യയില്‍, ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന

വിലയുടെ 69% സര്‍ക്കാരിന്; പെട്രോളിനും ഡീസലിനും ലോകത്തു തന്നെ ഉയര്‍ന്ന നികുതി ഇന്ത്യയില്‍, ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന
വിലയുടെ 69% സര്‍ക്കാരിന്; പെട്രോളിനും ഡീസലിനും ലോകത്തു തന്നെ ഉയര്‍ന്ന നികുതി ഇന്ത്യയില്‍, ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന

കൊച്ചി: ഡീസല്‍ ലിറ്ററിന് പതിമൂന്നു രൂപയും പെട്രോളിന് പത്തു രൂപയും തീരുവ വര്‍ധിപ്പിച്ചതോടെ പെട്രോളിയം ഇന്ധനത്തിന് ലോകത്തു തന്നെ ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യമായി ഇന്ത്യ മാറി. ഡീസലിനും പെട്രോളിനും ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വര്‍ധനയാണ് ഇന്നലെ രാത്രി പുറത്തിറക്കിയ വിജ്ഞാപനത്തോടെ നിലവില്‍ വന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും റോഡ് സെസ് എട്ടു രൂപയാണ് വര്‍ധിപ്പിച്ചത്. അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി പെട്രോളിന് രണ്ടു രൂപയും ഡീസലിന് അഞ്ചു രൂപയും വര്‍ധിപ്പിച്ചു. ഇതോടെ ഡീസല്‍ ലിറ്ററിനുള്ള നികുതി 13 രൂപയും പെട്രോള്‍ പത്തു രൂപയും കൂടി. രാജ്യാന്തര വിപണിയില്‍ അസംസകൃത ഇന്ധന വില കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ അതിന്റെ നേട്ടം രാജ്യത്തെ ഉപഭോക്താക്കള്‍ക്കു കിട്ടുന്നത് ഇതോടെ ഇല്ലാതാവും.

ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മൂല്യ വര്‍ധിത നികുതി കുത്തനെ ഉയര്‍ത്തിയ ദിനം തന്നെയാണ്, തീരുവ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്നത്. ഡല്‍ഹി ഡീസലിന് 7.10 രൂപയും പെട്രോളിന് 1.6 രൂപയുമാണ് വാറ്റ് കൂട്ടിയത്.

ഇന്നലത്തെ വര്‍ധനയോടെ ഡല്‍ഹിയില്‍ ഇന്ധനവിലയില്‍ നികുതി വിഹിതം 69 ശതമാനമായെന്ന് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തു തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഫ്രാന്‍സിലും ജര്‍മനിയിലും വില്‍പ്പന വിലയില്‍ 63 ശതമാനമാണ് നികുതി വിഹിതം. ഇറ്റലിയില്‍ അത് 64ഉം ബ്രിട്ടനില്‍ 62ഉം ആണ്. സ്‌പെയിനില്‍ 53 ശതമാനം നികുതിയാണ് ഇന്ധനത്തിനു ചുമത്തുന്നത്. ജപ്പാനില്‍ 47, കാനഡയില്‍ 33, യുഎസില്‍ 19 ശതമാനം എന്നിങ്ങനെയാണ് ഇന്ധന വിലയിലെ നികുതി വിഹിതം.

കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യയില്‍ അന്‍പതു ശതമാനമായിരുന്നു ഇന്ധനത്തിന്റെ ചില്ലറ വില്‍പ്പന വിലയില്‍ നികുതി വിഹിതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com