50 ജിബി ഡേറ്റ, പരിധിയില്ല; ജിയോയോട് കിടപിടിക്കാന്‍ ആകര്‍ഷണീയമായ വൗച്ചര്‍ പ്ലാനുമായി എയര്‍ടെല്‍ 

251 രൂപയുടെ ഫോര്‍ ജി വൗച്ചര്‍ പ്ലാനാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്.
50 ജിബി ഡേറ്റ, പരിധിയില്ല; ജിയോയോട് കിടപിടിക്കാന്‍ ആകര്‍ഷണീയമായ വൗച്ചര്‍ പ്ലാനുമായി എയര്‍ടെല്‍ 

മുംബൈ:  ടെലികോം രംഗത്ത് പ്രമുഖ കമ്പനിയായ ജിയോയുമായി മത്സരിക്കാന്‍ തയ്യാറാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ച് പുതിയ പ്ലാനുമായി എയര്‍ടെല്‍. ജിയോയുടെ 251 രൂപയുടെ വൗച്ചര്‍ പ്ലാനുമായി കിടപിടിക്കാന്‍ കൂടുതല്‍ ആകര്‍ഷണീയമായ പ്രഖ്യാപനമാണ് എയര്‍ടെല്‍ നടത്തിയിരിക്കുന്നത്. 251 രൂപയുടെ ഫോര്‍ ജി വൗച്ചര്‍ പ്ലാനാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്.

ജിയോയ്ക്ക് സമാനമായി മൊത്തം 50 ജിബി ഡേറ്റയാണ് പുതിയ പ്ലാന്‍ അനുസരിച്ച് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക. എന്നാല്‍ ജിയോയുടെ സമാനമായ പ്ലാനില്‍ നിന്ന് വ്യത്യസ്തമായി കാലാവധി നിശ്ചയിച്ചിട്ടില്ല എന്നതാണ് എയര്‍ടെലിന്റെ 251 ഫോര്‍ജി വൗച്ചര്‍ പ്ലാനിന്റെ പ്രത്യേകത. നിലവിലുളള പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി തീരും വരെ ഉപയോഗിക്കാം. 

ഉദാഹരണമായി മാസംതോറുമുളള പ്ലാനാണ് ഉപഭോക്താവ് തെരഞ്ഞെടുത്തതെങ്കില്‍ ഈ പരിധി തീരുംവരെ ഈ വൗച്ചര്‍ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കും. അതായത് ഒരു മാസം വരെ 50 ജിബി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് സാരം. ഇനി 24 ദിവസം വരെ കാലാവധിയുളള പ്രീപെയ്ഡ് പ്ലാനാണ് തെരഞ്ഞെടുത്തതെങ്കില്‍ ഫോര്‍ ജി വൗച്ചര്‍ പ്ലാനും അതുവരെ മാത്രമേ പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. സമയപരിധിക്ക് ശേഷം ഉപയോഗിക്കാതെ അവശേഷിക്കുന്ന ഡേറ്റ വീണ്ടും പ്രയോജനപ്പെടുത്താന്‍ കഴിയില്ല എന്നതാണ് ഒരു ന്യൂനത. ഒരേ സമയം പ്രീപെയ്ഡ് പ്ലാനും വൗച്ചര്‍ പ്ലാനും റീചാര്‍ജ്ജ് ചെയ്താല്‍, സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. അതേസമയം എസ്എംഎസ്, വോയ്‌സ് കോള്‍ ആനുകൂല്യങ്ങള്‍ ഈ പ്ലാനില്‍ ഇല്ല.

റിലയന്‍സ് ജിയോ 251 ന് പുറമേ 151, 201 എന്നിങ്ങനെയുളള വൗച്ചര്‍ പ്ലാനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 151 രൂപയുടെ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 30 ജിബി ഡേറ്റയാണ് ലഭിക്കുക. 201 രൂപയുടെ വൗച്ചര്‍ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 40 ജിബി ഡേറ്റ വരെ ഉപയോഗിക്കാന്‍ ആകും. എന്നാല്‍ 30 ദിവസം വരെ മാത്രമാണ് കാലാവധി. കോവിഡ് വ്യാപനം ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ജിയോയും എയര്‍ടെലും ഈ പ്ലാനുകള്‍ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com