കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് 50 ലക്ഷം കോടി വേണം, ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയാണ് പ്രധാനം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കോവിഡ് വ്യാപനം സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ രാജ്യത്തിന് 50 ലക്ഷം കോടി രൂപ വേണ്ടി വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് 50 ലക്ഷം കോടി വേണം, ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയാണ് പ്രധാനം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ചെന്നൈ: കോവിഡ് വ്യാപനം സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ രാജ്യത്തിന് 50 ലക്ഷം കോടി രൂപ വേണ്ടി വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇതു കൊണ്ട് മാത്രം കാര്യമില്ല. കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചാല്‍ മാത്രമേ രാജ്യത്തിന് അഞ്ചുശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കുകയുളളൂവെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗളയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ശങ്കര്‍ അയ്യറും ചേര്‍ന്ന് നടത്തുന്ന എക്‌സ്പ്രഷന്‍സ് പരമ്പരയില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.

കോവിഡ് വ്യാപനം സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വ്യാപാരം, വാണിജ്യം, മീഡിയ തുടങ്ങി സമസ്ത മേഖലകളെയും ഇത് കാര്യമായി ബാധിച്ചു. തൊഴിലില്ലായ്മയും വര്‍ധിച്ചു. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും രാജ്യം ചര്‍ച്ച ചെയ്തു വരികയാണ്. കഴിഞ്ഞ മൂന്നുമാസമായി രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കുറഞ്ഞത് രണ്ടു മുതല്‍ മൂന്നു ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്താന്‍ കഴിയണം. രാജ്യം മൈനസ് വളര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നാണ് പ്രവചനം. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പണലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്തിയാല്‍ മാത്രമേ സമ്പദ്‌വ്യവസ്ഥയെ വീണ്ടും ചലനാത്മകമാക്കാന്‍ സാധിക്കൂ. ഇതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. ഇത് ജിഡിപിയുടെ 10 ശതമാനം വരും. ലോകരാജ്യങ്ങളില്‍ തന്നെ മികച്ച പാക്കേജാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും നിതിന്‍ ഗഡ്കരി ഓര്‍മ്മിപ്പിച്ചു.

എങ്കിലും സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി ചലനാത്മകമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പരിമിതികളുണ്ട്. നിലവില്‍ തന്നെ വിപണിയില്‍ പൊതുനിക്ഷേപം ഉയര്‍ന്നപരിധിയിലാണ്. കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുക എന്നതാണ് പണലഭ്യത ഉറപ്പാക്കാനുളള ഏറ്റവും വലിയ മാര്‍ഗം. കൂടാതെ പൊതു- സ്വകാര്യ നിക്ഷേപം ഉയര്‍ത്തേണ്ടതും സമ്പദ് വ്യവസ്ഥയെ പൂര്‍വ്വസ്ഥിതിയിലേക്ക് നയിക്കുന്നതിന് അനിവാര്യമാണ്. നിലവില്‍ രാജ്യം സാങ്കേതികവിദ്യ നവീകരിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകുമെന്നും നിതിന്‍ ഗഡ്കരി പ്രതീക്ഷ പ്രകടിപ്പിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 40 ലക്ഷം കോടി രൂപ കണ്ടെത്തണം. പൊതു, സ്വകാര്യ നിക്ഷേപത്തിലൂടെ 10 ലക്ഷം കോടി രൂപ കൂടി സമാഹരിക്കാന്‍ സാധിച്ചാല്‍ രാജ്യത്തെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കിലും സമ്പദ് വ്യവസ്ഥയ്ക്ക് പ്രതീക്ഷ നല്‍കാന്‍ കഴിയും. ഇതിന് പുറമേ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നതാണ് സുപ്രധാന കാര്യം. ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്താന്‍ പണലഭ്യത ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ഇതിന് വേണ്ട നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

അടുത്തിടെ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വ്യവസായശാലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ദേശീയ പാത വികസന പദ്ധതികളും വേഗത കൈവരിച്ചിട്ടുണ്ട്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വരുന്ന രണ്ടുവര്‍ഷം കൊണ്ട് 15 ലക്ഷം കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ദേശീയ പാത വികസനം സാധ്യമായാല്‍ കൂടുതല്‍ വാഹനഗതാഗതം ഉറപ്പാക്കാന്‍ സാധിക്കും. ഇതിലൂടെ വരുമാനം ഉയരുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് ടോള്‍ വരുമാനം ഒരു ലക്ഷം കോടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

വരുംദിവസങ്ങളില്‍ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുളള നടപടികളാണ് സ്വീകരിക്കേണ്ടത്. കുടിയേറ്റ തൊഴിലാളികള്‍ അടക്കം എല്ലാവരും മാനസിക പിരിമുറുക്കത്തിലാണ്. എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന നിരാശയാണ് എല്ലാവരിലും. പ്രതിസന്ധി ഒരു അവസരമായി കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കണം. കൊറോണ വൈറസ് സമൂഹത്തില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ പൊരുതി എങ്ങനെ മുന്നേറാമെന്ന ജീവനകലയാണ് ജനങ്ങള്‍ സ്വായത്തമാക്കേണ്ടത്. ഇതിന് മീഡിയ ഉള്‍പ്പെടെ എല്ലാ മേഖലകള്‍ക്കും അതിന്റേതായ പങ്കു വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com