മൊബൈല്‍ നമ്പര്‍ 11 അക്കമായി വര്‍ധിപ്പിക്കില്ല; റിപ്പോര്‍ട്ടുകള്‍ തളളി ട്രായ്, ഫിക്‌സഡ് ലൈനില്‍ നിന്ന് വിളിക്കുമ്പോള്‍ പൂജ്യം ചേര്‍ക്കണം

മൊബൈല്‍ നമ്പര്‍ 10 അക്കത്തില്‍ നിന്ന് 11 അക്കമായി വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി ടെലികോം മേഖലയിലെ നിയന്ത്രണ സംവിധാനമായ ട്രായ്
മൊബൈല്‍ നമ്പര്‍ 11 അക്കമായി വര്‍ധിപ്പിക്കില്ല; റിപ്പോര്‍ട്ടുകള്‍ തളളി ട്രായ്, ഫിക്‌സഡ് ലൈനില്‍ നിന്ന് വിളിക്കുമ്പോള്‍ പൂജ്യം ചേര്‍ക്കണം

ന്യൂഡല്‍ഹി : മൊബൈല്‍ നമ്പര്‍ 10 അക്കത്തില്‍ നിന്ന് 11 അക്കമായി വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി ടെലികോം മേഖലയിലെ നിയന്ത്രണ സംവിധാനമായ ട്രായ്. പത്ത് അക്ക നമ്പര്‍ എന്ന നിലവിലെ സംവിധാനം അതേപോലെ തന്നെ തുടരുമെന്ന് ട്രായ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് മൊബൈല്‍ നമ്പര്‍ 10 അക്കത്തില്‍ നിന്ന് 11 അക്കമായി വര്‍ധിപ്പിക്കാന്‍ ട്രായ് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇത്തരത്തില്‍ ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ല എന്ന് ട്രായിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത് 29 ന് പുറത്തിറക്കിയ ശുപാര്‍ശ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ട്രായ് വ്യക്തമാക്കുന്നു.

ലാന്‍ഡ് ഫോണ്‍, മൊബൈല്‍ ഫോണ്‍ സേവനങ്ങളുടെ സുഗമമായ നടത്തിപ്പിന് കൂടുതല്‍ നമ്പറുകള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഫിക്‌സ്ഡ് ലൈനില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് വിളിക്കുമ്പോള്‍ പൂജ്യം ചേര്‍ത്ത് വിളിക്കാവുന്നതാണ്. ഇത്തരത്തില്‍ നടപടി സ്വീകരിച്ചാല്‍ 254 കോടി നമ്പറുകള്‍ പുതുതായി കണ്ടെത്താന്‍ സാധിക്കും. ഇത് മൊബൈല്‍ സേവനം കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ സഹായിക്കുമെന്നും വ്യക്തമാക്കുന്ന ശുപാര്‍ശയാണ് തെറ്റായി വ്യാഖ്യാനിച്ചതെന്ന്് ട്രായ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പ്രത്യേക കോളുകള്‍ക്ക് പൂജ്യം ചേര്‍ത്ത് വിളിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ, പത്ത് അക്കത്തില്‍ നിന്ന് 11 അക്കമായി മൊബൈല്‍ നമ്പര്‍ ഉയര്‍ത്താന്‍ പോകുന്നതിന് സമാനമല്ലെന്നും ട്രായിയുടെ വിശദീകരണത്തില്‍ പറയുന്നു.

ഇന്ത്യയില്‍ 120 കോടി ഫോണ്‍ കണക്ഷനുകളുണ്ട്. 87.7% ആണ് രാജ്യത്തെ ഫോണ്‍ സാന്ദ്രത. 2030 ല്‍ 45 കോടി മൊബൈല്‍ കണക്ഷനുകളാണ് ട്രായ് 2003 ല്‍ കണക്കു കൂട്ടിയത്. എന്നാല്‍ 2009 ല്‍ തന്നെ ഇതു മറികടന്നു. ഇതിന് പരിഹാരം കാണാന്‍ പത്ത് അക്കത്തില്‍ 11 അക്കമായി മൊബൈല്‍ നമ്പര്‍ വര്‍ധിപ്പിക്കാന്‍ ട്രായ് നീക്കം നടത്തുന്നു എന്നതാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com