പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കൽ: സമയപരിധി നാളെ അവസാനിക്കും, സെപ്റ്റംബർ ഒന്നുമുതൽ പണം പിൻവലിക്കാനാവില്ല, മുന്നറിയിപ്പ്

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും.
സെപ്റ്റംബർ ഒന്ന് മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങൾ വരവുവെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഴ്ചകൾക്ക് മുൻപാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ സമയപരിധി സെപ്റ്റംബർ ഒന്ന് വരെ നീട്ടിയത്.  ജൂൺ ഒന്ന് വരെയായിരുന്ന സമയപരിധിയാണ് നീട്ടിയത്.  സെപ്റ്റംബർ ഒന്നിന് മുൻപ് ഇപിഎഫ്ഒ വരിക്കാർക്ക് ലഭിക്കുന്ന യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് ഇപിഎഫ്ഒ അറിയിച്ചു.

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിച്ചില്ലായെങ്കിൽ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങൾ അക്കൗണ്ടിലേക്ക് വരവുവെയ്ക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ജീവനക്കാരുടെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ  എന്ന് തൊഴിലുടമയും പരിശോധിക്കണം. എങ്കിൽ മാത്രമേ ഇപിഎഫ്ഒ വരിക്കാർക്ക് ഇലക്ട്രോണിക് ചലാൻ കം റിട്ടേൺ ( ഇസിആർ) അനുവദിക്കുകയുള്ളൂവെന്ന് തൊഴിലുടമകൾക്ക് ഇപിഎഫ്ഒ നിർദേശം നൽകി. 

അക്കൗണ്ട് നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സാമൂഹിക സുരക്ഷാ കോഡിലെ 142-ാം വകുപ്പ് തൊഴിൽമന്ത്രാലയം ഭേദഗതി ചെയ്തിട്ടുണ്ട്. ഇതിലൂടെ തൊഴിലാളിയെ തിരിച്ചറിയുന്നതിനുള്ള നടപടികളാണ് സർക്കാർ ഉറപ്പാക്കുന്നത്. ആധാർ നമ്പർ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ആനുകൂല്യങ്ങളും മറ്റു സേവനങ്ങളും ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാനാണ് ഭേദഗതി കൊണ്ടുവന്നത്. നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചില്ലായെങ്കിൽ പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള അപേക്ഷ നിരസിക്കുന്ന അവസ്ഥ വരാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഇപിഎഫ്ഒയുടെ പോർട്ടലിൽ കയറി  ആധാറുമായി ബന്ധിപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.മാനേജ് ഓപ്ഷനിൽ കയറിവേണം നടപടികൾ ആരംഭിക്കേണ്ടത്. കൈവൈസി ഓപ്ഷൻ തെരഞ്ഞെടുക്കണം. തുടർന്നാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്.  ആധാർ നമ്പർ നൽകിയാണ് നടപടിക്രമം പൂർത്തിയാക്കേണ്ടത്. ആധാർ ഒരു തവണ കൊടുത്തിട്ടുണ്ടെങ്കിൽ യുഐഡിഎയുടെ ഡേറ്റ ഉപയോഗിച്ച് ആധാർ നമ്പർ ഉറപ്പുവരുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com