'എനിക്ക് പാളിച്ച പറ്റി', ഒരൊറ്റ സൂം കോളിൽ 900 ജീവനക്കാരെ പിരിച്ചുവിട്ടതിന് ക്ഷമ ചോദിച്ച് സിഇഒ 

കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അയച്ച മെയിലിലാണ് ക്ഷമാപണം നടത്തിയത്
വിശാല്‍ ഗാര്‍ഗിന്റെ സൂം കോള്‍/സോഷ്യല്‍ മീഡിയ ചിത്രം
വിശാല്‍ ഗാര്‍ഗിന്റെ സൂം കോള്‍/സോഷ്യല്‍ മീഡിയ ചിത്രം

ലണ്ടൻ: ഒരൊറ്റ സൂം കോളിലൂടെ 900 ജീവനക്കാരെ കമ്പനിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ മാപ്പ് പറഞ്ഞു ബെറ്റർ.കോം സിഇഒ വിശാൽ ഗാർഗ്. പിരിച്ചുവിടൽ തീരുമാനം ജീവനക്കാരെ അറിയിക്കുന്നതിലും വിഷയം കൈകാര്യം ചെയ്തതിലും തനിക്ക് പാളിച്ച പറ്റിയതായി വിശാൽ സമ്മതിച്ചു. കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അയച്ച മെയിലിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേട്ടുകേൾവിയില്ലാത്ത വിധത്തിൽ വൻ പിരിച്ചുവിടൽ നടത്തിയത്. "ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും"- ഇതായിരുന്നു വിശാൽ ഗാർഗിന്റെ വാക്കുകൾ. തൊഴിൽ നഷ്ടപ്പെട്ട ആളുകൾക്ക് ലഭിക്കേണ്ടിയിരുന്ന മര്യാദയും ആദരവും കൊടുക്കുന്നതിൽ താൻ പരാജയപ്പെട്ടെന്ന് ക്ഷമാപണത്തിൽ വിശാൽ തുറന്നുസമ്മതിച്ചു. "അവർ കമ്പനിക്ക് നൽകിയ സംഭാവനകൾ ഞാൻ പരാമർശിച്ചില്ല. ആ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ ഞാൻ അബദ്ധം കാണിച്ചു. അതിലൂടെ ഞാൻ നിങ്ങളെ നാണം കെടുത്തി. നിങ്ങൾക്ക് നാണക്കേടുണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നു", വിശാൽ പറഞ്ഞു.

ബെറ്റർ.കോം കമ്പനിയുടെ ഒൻപതു ശതമാനം ജീവനക്കാർക്കാണ് ഒറ്റ കോളിലൂടെ ജോലി നഷ്ടമായത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള കോളിൽ, ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനമാണു കൈക്കൊള്ളുന്നതെന്നു ഗാർഗ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ജീവനക്കാരൻ സൂം കോൾ റെക്കോർഡ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com